നോര്‍ത്ത്ഈസ്റ്റ് കാല്‍ഗറിയില്‍ പരിശോധിക്കാത്ത മാംസം വില്‍ക്കുന്നത് കണ്ടെത്തിയതിനെ തുടര്‍ന്ന് മൂന്ന് വ്യാപാര സ്ഥാപനങ്ങള്‍ അടച്ചുപൂട്ടാന്‍ ഉത്തരവിട്ട ആല്‍ബെര്‍ട്ട ഹെല്‍ത്ത് സര്‍വീസസിന്റെ നടപടിക്കെതിരെ സ്ഥാപന ഉടമകള്‍ രംഗത്ത്. ക്ലെയ്മുകള്‍ ശരിയായി പരിശോധിക്കുന്നതില്‍ എഎച്ച്എസ് ഇന്‍സ്‌പെക്ടര്‍മാര്‍ക്ക് വീഴ്ച സംഭവിച്ചുവെന്നും സംഭവം വ്യാപാര സ്ഥാപനങ്ങളെ അപകീര്‍ത്തിപ്പെടുത്തിയതായും ഉടമകള്‍ പറഞ്ഞു. ബംഗ്ലാ ബസാര്‍, ബോംബെ മീറ്റ് മസാല, സമൂസ ഫാക്ടറി എന്നീ വ്യാപാര സ്ഥാപനങ്ങളാണ് അടച്ചുപൂട്ടാന്‍ ഉത്തരവിട്ടത്. ഇവിടങ്ങളില്‍ ഭക്ഷണം പാകം ചെയ്യുന്നതും വിതരണം ചെയ്യുന്നതും വൃത്തിഹീനമായ സാഹചര്യത്തിലാണെന്ന് കണ്ടെത്തിയിരുന്നു. എന്നാല്‍ തങ്ങള്‍ ഒരുക്കലും പരിശോധിക്കാത്ത മാംസം വിതരണം ചെയ്തിരുന്നില്ലെന്നും രണ്ട് തവണ കാസില്‍റിഡ്ജ് സ്‌റ്റോര്‍ സന്ദര്‍ശിച്ച ഇന്‍സ്‌പെക്ടര്‍മാര്‍ക്ക് പരിശോധനയില്‍ വീഴ്ച സംഭവിച്ചതാണെന്നും ബംഗ്ലാ ബസാറിന്റെ പ്രതിന്ധി മാധ്യമങ്ങളോട് പറഞ്ഞു.
രണ്ട് എഎച്ച്എസ് ഇന്‍സ്‌പെക്ടര്‍മാരുടെ രണ്ടാമത്തെ സന്ദര്‍ശന വേളയില്‍ ആറ് ആട്ടിന്‍കുട്ടികളുടെ മൃതദേഹാവശിഷ്ടങ്ങളില്‍ നിന്ന് കണ്ടെത്തിയ മങ്ങിയ പരിശോധനാ സ്റ്റാമ്പുകളാണ് ആശയക്കുഴപ്പത്തിന് കാരണമായതെന്ന് പ്രതിനിധി സഫത്ത് അല്‍ സണ്ണി പറഞ്ഞു. കാല്‍ഗറിയിലെ ഏറ്റവും പഴക്കം ചെന്ന ഹലാല്‍ മീറ്റ് സ്റ്റോറുകളിലൊന്നാണ് സ്ഥാപനമെന്നും പതിറ്റാണ്ടുകളായി പ്രശസ്തി നിലനിര്‍ത്തിയിരുന്നുവെന്നും സണ്ണി പറഞ്ഞു.
അടച്ചുപൂട്ടലോടെ പ്രശസ്തിക്ക് കോട്ടം സംഭവിച്ചെന്നും ഓണ്‍ലൈനിലും ബിസിനസിന് തിരിച്ചടി നേരിട്ടുകൊണ്ടിരിക്കുകയാണെന്നും സണ്ണി കൂട്ടിച്ചേര്‍ത്തു. സമാനമായ പ്രതികരണമാണ് മറ്റ് സ്ഥാപനങ്ങളില്‍ നിന്നും ഉണ്ടായത്. വിശദമായ പരിശോധനയ്ക്ക് ശേഷം നിയമങ്ങള്‍ പാലിച്ച് ബംഗ്ലാ ബസാറിനും ബോംബെ മീറ്റിനും വീണ്ടും തുറക്കാനുള്ള അനുമതി നല്‍കിയിട്ടുണ്ട്.