ഒരു വർഷത്തിനിടയിൽ 500 തവണ തനിക്ക് ഭാഗ്യ സമ്മാനങ്ങൾ ലഭിച്ചുവെന്ന അവകാശവാദവുമായി ഒരു ജപ്പാൻ യുവതി. 'ലക്കി ക്യൂൻ' എന്ന പേരിൽ അറിയപ്പെടുന്ന ഇവർക്ക് പലതവണയായി ഭാഗ്യക്കുറികളിലൂടെ ഏകദേശം 70,000 യുഎസ് ഡോളർ (58,76,752 രൂപ) വിലമതിക്കുന്ന സമ്മാനങ്ങൾ ലഭിച്ചു എന്നാണ് പറയപ്പെടുന്നത്. കനേ ഹിരായാമ എന്ന യുവതിയാണ് തന്‍റെ ഭാഗ്യത്തെക്കുറിച്ച് ഒരു ജപ്പാനീസ് ടെലിവിഷൻ പ്രോഗ്രാമിലൂടെ പങ്കുവെച്ചത്.
ടെലിവിഷൻ പരിപാടിയിൽ തന്‍റെ ഭാഗ്യത്തെക്കുറിച്ച് വാചാലയായ ഹിരായാമ തന്‍റെ വീട്ടുപകരണങ്ങൾ ഭൂരിഭാഗവും റാഫിൾ വിജയങ്ങളിലൂടെ സ്വന്തമാക്കിയതാണെന്ന് വെളിപ്പെടുത്തി. നമ്മുടെ നാട്ടിലെ ഭാഗ്യക്കുറികൾക്ക് സമാനമായ രീതിയിൽ ജപ്പാനിൽ നടത്തുന്ന ഒരു പ്രക്യേക തരം ഭാഗ്യ ടിക്കറ്റ് വിൽപ്പനയാണ് റാഫിളുകൾ. ബിസിനസ് സ്ഥാപനങ്ങൾ ഉൾപ്പെടെയുള്ളവ ഇത്തരത്തിലുള്ള ഓൺലൈൻ റാഫിളുകൾ നടത്തുന്നത് ഇവിടെ സാധാരണമാണ്. ഫലപ്രദമായ ഒരു മാർക്കറ്റിംഗ് തന്ത്രമായി കൂടിയാണ് റാഫിളുകളെ ജപ്പാനിൽ ഉപയോഗിക്കുന്നത്. പലപ്പോഴായി താൻ പങ്കെടുത്ത റാഫിളുകളിലൂടെ തനിക്ക് ആവശ്യമായ നിരവധി വസ്തുക്കൾ സ്വന്തമാക്കാൻ കഴിഞ്ഞുവെന്നാണ് ഹിരായാമ പറയുന്നത്.
പാത്രങ്ങൾ, ബെന്‍റേോ ബോക്സുകൾ, മഗ്ഗുകൾ, കുട്ടികളുടെ കളിപ്പാട്ടങ്ങൾ, യോഗ ബോളുകൾ, കൂടാതെ ലഘുഭക്ഷണങ്ങൾ എന്നിവയുൾപ്പെടെയുള്ള ആകർഷകമായ നിരവധി സമ്മാനങ്ങൾ തന്നെ തേടി എത്തിയിട്ടുണ്ടെന്നും ഇവർ വ്യക്തമാക്കി. ചെറിയ സമ്മാനങ്ങൾക്ക് പുറമേ വിലയേറിയ സമ്മാനങ്ങളും തനിക്ക് ലഭിച്ചിട്ടുണ്ടെന്നാണ് ഇവരുടെ അവകാശവാദം. ഇതിൽ 70,000 യെൻ (US$490) വിലയുള്ള ഓവൻ, 1,00,000 യെൻ വിലയുള്ള വാട്ടർ പ്യൂരിഫയർ എന്നിവ മുതൽ 4 മില്യൺ യെൻ (US$28,000) വിലമതിക്കുന്ന ഒരു കാർ വരെ ഉൾപ്പെടുന്നു.
ടെലിവിഷൻ ഷോയിൽ, ഹിരായാമ വിജയിക്കാനുള്ള സാധ്യത വർദ്ധിപ്പിക്കുന്നതിനുള്ള നിരവധി തന്ത്രങ്ങൾ പങ്കിട്ടു. ഒരു റാഫിളിന് രജിസ്റ്റർ ചെയ്യുമ്പോൾ കട്ട് ഓഫ് സമയത്തിന് തൊട്ടുമുൻപ് രജിസ്റ്റർ ചെയ്യണമെന്നതാണ് ഇവർ പറയുന്ന ആദ്യം തന്ത്രം. ഇങ്ങനെ ചെയ്യുന്നത് ജീവനക്കാരുടെ ശ്രദ്ധ ആകർഷിക്കുന്നതിനുള്ള മികച്ച അവസരമാണെന്നും അവർ കൂട്ടിച്ചേർത്തു. എല്ലാത്തിലും പ്രധാനമായി വേണ്ടത് അവസരങ്ങൾ നഷ്ടപ്പെട്ടാലും വീണ്ടും വീണ്ടും പങ്കെടുക്കാനുള്ള ഉത്സാഹനമാണെന്നും അവർ ഓർമിപ്പിച്ചു. ഓരോ ദിവസവും ശരാശരി നാല് മണിക്കൂർ താൻ റാഫിളുകൾക്കായി ചെലവഴിക്കാറുണ്ടെന്നാണ് ഇവർ പറയുന്നത്.