ആരാധന മൂത്ത് ഗ്രൗണ്ടിലേക്ക് അതിക്രമിച്ചുകയറിയ കുട്ടി ആരാധകനൊപ്പം സെല്‍ഫി എടുത്ത് മെസ്സി 

By: 600002 On: Oct 7, 2024, 11:55 AM

 

അമേരിക്കന്‍ ലീഗില്‍ ശനിയാഴ്ച നടന്ന മത്സരത്തില്‍ ഏകപക്ഷീയമായ ഒരു ഗോളിന് കരുത്തരായ ടൊറന്റോ എഫ്‌സിയെ പരാജയപ്പെടുത്തിയിരിക്കുകയാണ് ഇന്റര്‍ മിയാമി. ഇന്റര്‍ മിയാമിയിലെ താരം ലണയണല്‍ മെസ്സിയാണ്. കളിക്കിടെ എല്ലാവരുടെയും കണ്ണ് വെട്ടിച്ച് ഒരു കുട്ടി ആരാധകന്‍ അതിക്രമിച്ച് ഗ്രൗണ്ടിലേക്ക് കടന്നു. മെസിക്കൊപ്പം ഒരു സെല്‍ഫിയാണ് അവന്‍ ആഗ്രഹിച്ചത്. മത്സരത്തിന്റെ അവസാനത്തെ 30 മിനിറ്റ് മാത്രമാണ് ക്യാപ്റ്റന്‍ ലയണല്‍ മെസ്സി കളിച്ചത്. 

ബിഎംഒ ഫീല്‍ഡില്‍ നടന്ന തീപാറും പോരാട്ടം കാണാനെത്തിയ ആരാധകനാണ് അവിസ്മരണീയമായ ഫോട്ടോ എടുക്കാന്‍ സാഹസപ്പെട്ടത്. മത്സരത്തിന്റെ രണ്ടാം പകുതിയുടെ അവസാനത്തില്‍, ആരാധകന്‍ സീറ്റുകളില്‍ നിന്നും എഴുന്നേറ്റ് ബാരിക്കേഡ് ചാടിക്കടന്ന് മെസി നില്‍ക്കുന്ന മധ്യനിരയിലേക്ക് കുതിക്കുകയായിരുന്നു. 

മെസിക്കരികിലേക്ക് ഓടുന്ന കുട്ടിയെ സുരക്ഷാ ഉദ്യോഗസ്ഥര്‍ തടയാന്‍ ശ്രമിച്ചെങ്കിലും മെസി കുട്ടി ആരാധകന്റെ ആഗ്രഹം നിറവേറ്റിക്കൊടുത്തു. സെല്‍ഫി എടുത്ത ഉടന്‍ തന്നെ സുരക്ഷാ ഉദ്യോഗസ്ഥര്‍ ആരാധകനെ ഗ്രൗണ്ടില്‍ നിന്നും നീക്കി. സംഭവത്തിന്റെ വീഡിയോ സോഷ്യല്‍ മീഡിയകളില്‍ വൈറലായിരിക്കുകയാണ്.