കാനഡയിലെ റെസ്റ്റോറന്റില്‍ വെയിറ്റര്‍ ജോലിക്കായുള്ള ഇന്റര്‍വ്യൂവില്‍ പങ്കെടുക്കാന്‍ എത്തിയത് മൂവായിരത്തോളം പേര്‍; പകുതിയിലേറെയും ഇന്ത്യക്കാര്‍

By: 600002 On: Oct 7, 2024, 10:42 AM

 


കാനഡയില്‍ ഒരു റെസ്‌റ്റോറന്റില്‍ വെയിറ്റര്‍ ജോലിക്കായുള്ള ഇന്റര്‍വ്യൂവില്‍ പങ്കെടുക്കാന്‍ എത്തിയത് മൂവായിരത്തിലധികം പേര്‍. ഇതില്‍ പകുതിയിലധികവും ഇന്ത്യാക്കാരാണെന്നത് ചര്‍ച്ചയാവുകയാണ്. ബ്രാംപ്ടണിലെ തന്തൂരി ഫ്‌ളെയിം എന്ന റെസ്റ്റോറന്റിന് മുന്നില്‍ ഇന്ത്യക്കാരായ വിദ്യാര്‍ത്ഥികളുടെ നീണ്ട ക്യൂവാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയിലെ പ്രധാന ചര്‍ച്ച. ഇതിന്റെ വീഡിയോ സോഷ്യല്‍മീഡിയ പ്ലാറ്റ്‌ഫോമുകളില്‍ പ്രചരിക്കുന്നുണ്ട്. 

എക്‌സില്‍ മേഘ് അപ്‌ഡേറ്റ്‌സ് എന്ന അക്കൗണ്ടില്‍ നിന്നാണ് വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. ബ്രാംപ്ടണില്‍ പുതുതായി ആരംഭിക്കുന്ന റെസ്റ്റോറന്റിലേക്കുള്ള വെയിറ്റര്‍മാരുടെ പരസ്യം കണ്ട് അഭിമുഖത്തിനായെത്തിയ ഇന്ത്യക്കാരടക്കമുള്ളവരുടെ നീണ്ട ക്യൂവിന്റെ ഞെട്ടിക്കുന്ന ദൃശ്യങ്ങള്‍ എന്ന കുറിപ്പോടുകൂടിയാണ് പോസ്റ്റ് ചെയ്തിരിക്കുന്നത്. 

ട്രൂഡോയുടെ കാനഡയില്‍ കനത്ത തൊഴിലില്ലായ്മയോ?  വലിയ സ്വപ്‌നങ്ങളും ആശകളുമായി കാനഡയിലെത്തുന്ന വിദ്യാര്‍ത്ഥികള്‍ പുനര്‍വിചിന്തനം നടത്തുക എന്നും അടിക്കുറിപ്പില്‍ കാണാം. അതേസമയം, വീഡിയോയുടെ അധികാരികത സ്ഥിരീകരിക്കപ്പെട്ടിട്ടില്ല.