ലെബനനിലെ പേജര്‍ സ്‌ഫോടനങ്ങളുടെ പശ്ചാത്തലത്തില്‍ വിമാനങ്ങളില്‍ പേജര്‍, വാക്കി ടോക്കി എന്നിവയ്ക്ക് വിലക്കേര്‍പ്പെടുത്തി ദുബായിയുടെ എമിറേറ്റ്‌സ് എയര്‍ലൈന്‍. പേജര്‍ വാക്കി ടോക്കി എന്നിവ ലഗേജില്‍ കണ്ടെത്തിയാല്‍ അധികൃതര്‍ പിടിച്ചെടുക്കുമെന്ന് എമിറേറ്റ്‌സ് അറിയിച്ചു. ഹാന്‍ഡ് ലഗേജുകളിലോ ചെക്ക്-ഇന്‍ ബാഗേജുകളിലോ പേജര്‍, വാക്കി ടോക്കി എന്നീ വസ്തുക്കള്‍ കണ്ടെത്തിയാല്‍ ദുബായ് പോലീസ് പിടിച്ചെടുക്കുമെന്ന് എയര്‍ലൈന്‍ വ്യക്തമാക്കിട്ടുണ്ട്. എയര്‍ലൈന്‍ അധികൃതര്‍ കഴിഞ്ഞ ദിവസം പുറത്തിറക്കിയ ട്രാവല്‍ അപ്‌ഡേറ്റിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.
സെപ്തംബര്‍ 19 മുതല്‍ ലെബനനിലെ ബെയ്‌റൂട്ട്-റാഫിക് ഹരീരി അന്താരാഷ്ട്ര വിമാനത്താവളത്തിലേക്കും പുറത്തേക്കും പറക്കുന്ന വിമാനങ്ങളിലും പേജര്‍ കൊണ്ടുപോകുന്നതിന് വിലക്കുണ്ട്. ഒക്ടോബര്‍ 15 വരെ ബെയ്‌റൂട്ടിലേക്കും പുറത്തേക്കുമുള്ള ഫ്‌ളൈറ്റുകള്‍ റദ്ദാക്കിയിരുന്നു. ദുബായ് വഴി യാത്ര ചെയ്യുന്നവര്‍ ഉള്‍പ്പെടെ ബെയ്‌റൂട്ടിലേക്കുള്ള യാത്രക്കാര്‍ക്ക് ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ ബുക്കിംഗ് സ്വീകരിക്കില്ല.