പ്രവിശ്യയിലെ ചില മെഡിക്കല്‍ റെഫറലുകള്‍ ശരിയായ പ്രോസസ് ചെയ്യുന്നില്ലെന്നും അതിനാല്‍ കാലതാമസം നേരിടുന്നുവെന്നുമുള്ള ആരോപണങ്ങള്‍ ഉയര്‍ന്നതിനെ തുടര്‍ന്ന് അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് ആല്‍ബെര്‍ട്ട. കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ ആയിരക്കണക്കിന് കേസുകള്‍ക്ക് കാലതാമസമുണ്ടാക്കിയെന്ന് പ്രവിശ്യ പറയുന്നു. കമ്മ്യൂണിറ്റി സ്‌പെഷ്യലിസ്റ്റുകളിലേക്കുള്ള പെഷ്യന്റ് റെഫറലുകളെ ബാധിക്കുന്ന പ്രശ്‌നത്തെ ആല്‍ബെര്‍ട്ട ഹെല്‍ത്ത് സര്‍വീസസ്(എഎച്ച്എസ്) സെപ്തംബര്‍ അവസാനം പ്രവിശ്യാ സര്‍ക്കാരിനെ അറിയിച്ചതായി ആരോഗ്യമന്ത്രി അഡ്രിയാന ലാഗ്രാഞ്ച് പറഞ്ഞു. ഇത് ചിലപ്പോള്‍ ആരോഗ്യ പരിചരണത്തില്‍ കാലതാമസമുണ്ടാക്കിയേക്കാമെന്നും പ്രസ്താവനയില്‍ പറഞ്ഞു. എഎച്ച്എസിന്റെ പുതിയ ഇലക്ട്രോണിക് ഹെല്‍ത്ത് റെക്കോര്‍ഡായ കണക്ട് കെയര്‍ വഴിയുള്ള റെഫറലുകള്‍ തെറ്റായി പ്രോസസ് ചെയ്യുന്നതാണ് പ്രശ്‌നങ്ങള്‍ക്ക് കാരണം.
അതേസമയം, പ്രശ്‌നങ്ങള്‍ കണക്റ്റ് കെയര്‍ ഉപയോക്താക്കളെ ബാധിക്കുന്നില്ലെന്നും പകരം സ്‌പെഷ്യാലിറ്റി ക്ലിനിക്കുകള്‍, ഫിസിയോതെറാപ്പിസ്റ്റുകള്‍ പോലെയുള്ള ഹെല്‍ത്ത് കെയര്‍ പ്രൊവൈഡര്‍മാരിലേക്കുള്ള റെഫറലുകളെ ബാധിക്കുമെന്നും എഎഎച്ച്എസ് പറയുന്നു.
എഡ്മന്റണില്‍ 1000 ത്തിലധികം, കാല്‍ഗറിയില്‍ 3,300 ലധികം, പ്രവിശ്യയില്‍ മറ്റിടങ്ങളില്‍ 1,500 ലധികം രോഗികളുടെ റെഫലുകള്‍ വൈകിയതായി ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നു. ഈ സാഹചര്യത്തില്‍ ഹെല്‍ത്ത് ക്വാളിറ്റി കൗണ്‍സില്‍ ഓഫ് ആല്‍ബെര്‍ട്ടയോട്(HQCA) ഒരു സ്വതന്ത്ര മൂന്നാം കക്ഷി അന്വേഷണം നടത്താനും റെഫറലുകള്‍ പ്രോസസ് ചെയ്യാത്തത് എന്തുകൊണ്ടാണെന്ന് കണ്ടെത്താനും ആവശ്യപ്പെട്ടു.