തെക്കൻ ഇസ്രയേലിൽ വെടിവെപ്പ്, ഒരാൾ കൊല്ലപ്പെട്ടു; ഗാസയിൽ നിന്ന് ഇസ്രയേലിന് നേരെ റോക്കറ്റ് ആക്രമണം

By: 600007 On: Oct 6, 2024, 3:15 PM

ടെൽ അവിവ്: തെക്കൻ ഇസ്രയേലിലുണ്ടായ വെടിവെപ്പിൽ ഒരാൾ കൊല്ലപ്പെട്ടു. നിരവധിപ്പേർക്ക് പരിക്കേറ്റതായും റിപ്പോർട്ടുകളുണ്ട്. ഞായറാഴ്ചയുണ്ടായ വെടിവെപ്പിൽ 25 വയസുകാരിയായ യുവതി കൊല്ലപ്പെട്ടതായും പത്തോളം പേർക്ക് പരിക്കേറ്റതായുമാണ് വിവരം. ബീർ ഷെവയിലെ മക്ഡൊണാൾഡ് ഔട്ട്‍ലെറ്റിന് സമീപത്താണ് വെടിവെപ്പുണ്ടായത്.  ഇസ്രയേൽ പൗരൻ തന്നെയാണ് വെടിവെച്ചതെന്ന് ഇസ്രയേലി മാധ്യമമായ ഹാരെറ്റ്സ് റിപ്പോർട്ട് ചെയ്തു. 

 സംഭവം  ഭീകരാക്രമണമാണെന്നാണ് പൊലീസ് സംശയിക്കുന്നുണ്ട്. വെടിയുതിർത്തയാളിനെ സുരക്ഷാ സേന സംഭവ സ്ഥലത്തു വെച്ചു തന്നെ വധിച്ചു. ആക്രമണത്തിൽ പരിക്കേറ്റ രണ്ട് പേരുടെ നില ഗുരുതരമാണ്. മറ്റ് നാല് പേർക്ക് സാരമായ പരിക്കുകളുമുണ്ട്. അതേസമയം വടക്കൻ ഗാസയിൽ നിന്ന് ഇസ്രയേലിലേക്ക് റോക്കറ്റ് ആക്രമണമുണ്ടായതായി ഇസ്രയേൽ സൈന്യം അറിയിച്ചു. 

തെക്കൻ ഇസ്രയേലിലേക്ക് നിരവധി റോക്കറ്റുകൾ ഗാസയിൽ നിന്ന് വിക്ഷേപിച്ചതായും ഒരെണ്ണം തകർത്തതായും ഇസ്രയേൽ സൈന്യം വ്യക്തമാക്കി. മറ്റ് റോക്കറ്റുകൾ തുറസായ പ്രദേശങ്ങളിലാണ് പതിച്ചതെന്നാണ് വിവരം. അതേസമയം ഇസ്രയേലിലെ ഹൈഫയിലെ സൈനിക കേന്ദ്രം ലക്ഷ്യമാക്കി ആക്രമണം നടത്തിയതായി ഞായറാഴ്ച ഹിസ്ബുല്ലയും അവകാശപ്പെട്ടു. ഇറാന്റെ പിന്തുണയോടെ പ്രവർത്തിക്കുന്ന ഹിസ്ബുല്ല ഇസ്രയേലി സൈനിക ബേസിലേക്ക് ഡ്രോൺ ആക്രമണം നടത്തിയെന്നാണ് അറിയിച്ചിരിക്കുന്നത്. എന്നാൽ ഇത് സംബന്ധിച്ച് ഇസ്രയേൽ പ്രതികരിച്ചിട്ടില്ല.