ഇന്ത്യക്കും ഭീഷണിയോ? ചുട്ടുപഴുത്ത സൂര്യനില്‍ നിന്ന് അതിശക്തമായ സൗരകൊടുങ്കാറ്റ് ഭൂമിയിലേക്ക്

By: 600007 On: Oct 6, 2024, 3:04 PM

ലഡാക്ക്: അതിശക്തമായ സൗരകൊടുങ്കാറ്റ് ഭൂമിയിലേക്ക് വരുന്നതായി അമേരിക്കന്‍ ശാസ്ത്രജ്ഞരുടെ മുന്നറിയിപ്പ്. ഈ സോളാര്‍ കൊടുങ്കാറ്റ് ലോകമെമ്പാടുമുള്ള ഇലക്ട്രോണിക് കമ്മ്യൂണിക്കേഷന്‍ നെറ്റ്‌വര്‍ക്കുകളെ സാരമായി ബാധിച്ചേക്കാം എന്നതിനാല്‍ ഇന്ത്യയിലും അതീവ ജാഗ്രതയാണ് പുലര്‍ത്തുന്നത് എന്ന് ഐഎസ്ആര്‍ഒ വ‍ൃത്തങ്ങളെ കേന്ദ്രീകരിച്ച് എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്തു. 

സൂര്യന്‍റെ ഉപരിതലത്തിലുണ്ടാവുന്ന വലിയ രീതിയിലുള്ള പൊട്ടിത്തെറികളാണ് സൗരകൊടുങ്കാറ്റുകൾക്ക് കാരണമാകുന്നത്. ഭൂമിയിലേക്കടക്കം ധാരാളം ഊർജ്ജ കണികകളുടെ പ്രവാഹം ഇതിനെ തുടർന്നുണ്ടാകും. സൂര്യനില്‍ അടുത്തിടെയുണ്ടായ പൊട്ടിത്തെറിയെ തുടര്‍ന്ന് വരും ദിവസങ്ങളില്‍ ഭൂമിയുടെ അന്തരീക്ഷത്തിലേക്ക് എത്തുന്ന സൗരകൊടുങ്കാറ്റ് ടെലികമ്മ്യൂണിക്കേഷനെയും സാറ്റ്‌ലൈറ്റുകളുടെ പ്രവര്‍ത്തനത്തെയും തടസപ്പെടുത്തിയേക്കാം. അതിനാല്‍ ഇന്ത്യന്‍ ശാസ്ത്രജ്ഞരും സ്ഥിതി ഗൗരവമായി നിരീക്ഷിച്ചുവരികയാണ്. ആവശ്യമായ മുന്‍കരുതലുകള്‍ സ്വീകരിക്കാന്‍ സാറ്റ്‌ലൈറ്റ് ഓപ്പറേറ്റര്‍മാര്‍ക്ക് ഐഎസ്ആര്‍ഒ നിര്‍ദേശം നല്‍കി.