ഗാസയിലെ പള്ളിയിലും സ്കൂളിലും ഇസ്രായേൽ വ്യോമാക്രമണം; 26 പേർ കൊല്ലപ്പെട്ടെന്നും ആരോഗ്യമന്ത്രാലയം

By: 600007 On: Oct 6, 2024, 2:54 PM

ജെറുസലേം: ഗാസയിലെ പള്ളിയിലും സ്കൂളിലും ഇസ്രയേല്‍ വ്യോമാക്രമണം നടത്തിയെന്നും സംഭവത്തിൽ 26 പേര്‍ കൊല്ലപ്പെട്ടെന്നും പലസ്തീൻ ആരോഗ്യമന്ത്രാലയം വാർത്താക്കുറിപ്പിലൂടെ അറിയിച്ചു. ഗാസയിലെ ദേര്‍ അല്‍-ബലാഹ് പട്ടണത്തിലെ അല്‍ അഖ്സ ആശുപത്രിക്ക് സമീപത്തുള്ള സ്കൂളിലും പള്ളിയിലുമാണ് ഇസ്രയേൽ വ്യോമാക്രമണം നടത്തിയതെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. കുടിയൊഴിപ്പിക്കപ്പെട്ടവർക്ക് അഭയം നല്‍കിയിരുന്ന പള്ളിയിലും സ്കൂളിലുമാണ് ആക്രമണം ഉണ്ടായതെന്ന് പലസ്തീന്‍ ആരോഗ്യമന്ത്രാലയം അറിയിച്ചതായി അന്താരാഷ്ട്ര വാർത്താ ഏജൻസിയായ റോയിട്ടേഴ്സ് വ്യക്തമാക്കി. ആക്രമണത്തില്‍ 26 പേർക്ക് ജീവൻ നഷ്ടമായതായും നൂറോളം പേര്‍ക്ക് പരിക്കേറ്റെന്നുമാണ് പലസ്തീന്‍ ആരോഗ്യമന്ത്രാലയം അറിയിച്ചിരിക്കുന്നത്.

ഇബ്നു റുഷ്ദ് സ്‌കൂള്‍, അല്‍ അഖ്സ മോസ്‌ക് എന്നിവ ലക്ഷ്യമിട്ടായിരുന്നു ഇസ്രയേലിന്റെ വ്യോമാക്രമണമെന്ന് പലസ്തീന്‍ ആരോഗ്യമന്ത്രാലയം വിവരിച്ചു. ഇസ്രയേലിന്‍റെ ക്രൂരത വ്യക്തമാക്കുന്നതാണ് സ്കൂളിനും പള്ളിക്കും നേരെ നടത്തിയ ആക്രമണമെന്നും പലസ്തീന്‍ ആരോഗ്യമന്ത്രാലയം അഭിപ്രായപ്പെട്ടു. എന്നാൽ മേഖലയിലെ കമാന്‍ഡ് ആന്‍ഡ് കണ്‍ട്രോള്‍ സെന്ററിനുള്ളില്‍ പ്രവര്‍ത്തിക്കുന്ന ഹമാസ് ഭീകരര്‍ക്ക് നേരെയാണ് ആക്രമണം നടത്തിയതെന്നാണ് ഇസ്രയേല്‍ സൈന്യത്തിന്‍റെ പ്രതികരണം. ഭീകരരെ മാത്രമാണ് ലക്ഷ്യമിട്ടതെന്നും സാധാരണക്കാർക്ക് നേരെ ആക്രമണം നടത്തിയിട്ടില്ലെന്നും ഇസ്രയേൽ വിവരിച്ചു.