ആല്‍ബെര്‍ട്ടയില്‍ ഡ്രൈവര്‍ പ്രീമിയം 2033 ആകുമ്പോഴേക്കും 88 ശതമാനം വര്‍ധിക്കും: ഐബിസി റിപ്പോര്‍ട്ട് 

By: 600002 On: Oct 5, 2024, 6:23 PM

 


ആല്‍ബെര്‍ട്ടയില്‍ വാഹന ഇന്‍ഷുറന്‍സ് നിരക്ക് പരിധി നിലനിര്‍ത്തുകയാണെങ്കില്‍ ഡ്രൈവര്‍ പ്രീമിയങ്ങള്‍ കുതിച്ചുയര്‍ന്നേക്കാമെന്ന് ഇന്‍ഷുറന്‍സ് ബ്യൂറോ ഓഫ് കാനഡയുടെ റിപ്പോര്‍ട്ട്. പ്രവിശ്യയിലെ ഓട്ടോ ഇന്‍ഷുറന്‍സ് നിരക്ക് പരിധി ഡ്രൈവര്‍മാരെ പ്രതികൂലമായി ബാധിക്കുന്നുവെന്ന് ഐബിസി പറയുന്നു. അവര്‍ക്ക് ആവശ്യമായ കവറേജ് ഉറപ്പാക്കുന്നതില്‍ വെല്ലുവിളികള്‍ കൂടുതലായി നേരിടുന്നു. പകരമായി പല ഡ്രൈവര്‍മാര്‍ക്കും മറ്റ് കാരിയറുകളില്‍ നിന്ന് പുതിയതും പലപ്പോഴും കൂടുതല്‍ ചെലവേറിയതുമായ കവറേജ് വാങ്ങേണ്ടി വരുന്നതായും റിപ്പോര്‍ട്ടില്‍ പറയുന്നു. 

2023 ജനുവരിയില്‍ നടപ്പിലാക്കിയ റേറ്റ് ഫ്രീസിനും 2024 ജനുവരിയില്‍ നടപ്പിലാക്കിയ നിരക്ക് പരിധിക്കും കീഴില്‍ കഴിഞ്ഞ 18 മാസങ്ങളില്‍ പ്രീമിയങ്ങള്‍ 12 ശതമാനം വര്‍ധിച്ചതായി ഐബിസി റിപ്പോര്‍ട്ട് ചെയ്തു. നിരക്ക് പരിധിക്ക് പുറത്തുള്ള ഡ്രൈവര്‍മാരുടെ പ്രീമിയം പ്രതിവര്‍ഷം ശരാശരി 15 ശതമാനം വര്‍ധിക്കുന്നതായും റിപ്പോര്‍ട്ടില്‍ പറയുന്നു. നിരക്ക് പരിധി നിലനില്‍ക്കുകയും വാഹന ഇന്‍ഷുറന്‍സ് സംവിധാനത്തില്‍ മാറ്റങ്ങളൊന്നും വരുത്താതിരിക്കുകയും ചെയ്താല്‍ ക്ലെയിം കോസ്റ്റ് പ്രഷര്‍ 2023 നും 2033 നും ഇടയില്‍ ഡ്രൈവര്‍ പ്രീമിയം 87.6 ശതമാനം വര്‍ധിപ്പിക്കുമെന്നും റിപ്പോര്‍ട്ടില്‍ കണ്ടെത്തി.