ഗോലാൻ കുന്നിൽ നിന്ന് ആക്രമണം; ഇസ്രായേലി സൈനികർ കൊല്ലപ്പെട്ടു, നിരവധി പേർക്ക് പരിക്ക്, പിന്നിൽ ഇറാഖി സായുധ സംഘം

By: 600007 On: Oct 5, 2024, 8:44 AM

ടെൽ അവീവ്: പശ്ചിമേഷ്യയിൽ സംഘർഷം തുടരുന്നതിനിടെ ഇസ്രയേലിന് നേരെ ഇറാഖിലെ ഗോലാൽ കുന്നിൽ നിന്നും ആക്രമണം. ഇറാന്റെ  പിന്തുണയുള്ള ഇറാഖി സായുധസംഘടനയാണ്  ആക്രമണം നടത്തിയത്. ഡ്രോൺ ഉപയോഗിച്ച് നടത്തിയ ഈ ആക്രമണത്തിൽ രണ്ട് ഇസ്രായേൽ സൈനികർ കൊല്ലപ്പെട്ടു. നിരവധി പേർക്ക് പരിക്കേറ്റു. പശ്ചിമേഷ്യയിലെ സംഘർഷം തുടരുന്നതിനിടെ ഇസ്രയേലിനെ വള‌ഞ്ഞിട്ട് ആക്രമിക്കാനുള്ള പദ്ധതിയാണ് ഇറാൻ്റേത് എന്ന് ഗാലൻ കുന്നിലെ ആക്രമണവും തെളിയിക്കുന്നുണ്ട്.

ഗാസയിലും ലെബനോനിലും ഇസ്രയേൽ വ്യോമാക്രമണം തുടരുന്നുണ്ട്.  ഇന്ന് ഗാസയിൽ ഇസ്രയേൽ ആക്രമണത്തിൽ അഞ്ച് പേർ കൊല്ലപ്പെട്ടുവെന്നാണ് ലഭിക്കുന്ന വിവരം. ലെബനനിലെ ബെയ്‌റൂത്തിൽ ഇന്നലെയും ഇസ്രയേലിൻ്റെ ഭാഗത്ത് നിന്ന് കനത്ത വ്യോമാക്രമണം നടന്നു. ഇതിനിടെയാണ് ഇസ്രയേൽ – സിറിയ അതിർത്തിയിലെ ഗോലാൻ കുന്നുകളിൽ നിന്ന് ഇറാഖി സായുധ സംഘം ആക്രമണം നടത്തിയത്. ഇതിൽ 24 പേർക്ക് പരിക്കേറ്റതായാണ് ഏറ്റവും ഒടുവിൽ ലഭിക്കുന്ന വിവരം.

ഇതിനിടെ യെമനിലെ ഹൂതി കേന്ദ്രങ്ങളിൽ അമേരിക്ക വ്യോമാക്രമണം നടത്തി.  യുദ്ധക്കപ്പലുകളും വിമാനങ്ങളും പങ്കെടുത്ത ആക്രമണത്തിൽ 15 ഹൂതി കേന്ദ്രങ്ങൾ തകർത്തെന്ന് യുഎസ് സൈനിക വക്താവ് അറിയിച്ചു. ബ്രിട്ടന്റെ  എണ്ണക്കപ്പൽ തകർക്കുന്ന ദൃശ്യങ്ങൾ ഹൂതികൾ പുറത്തുവിട്ടതിന് പിന്നാലെയാണ് ആക്രമണം നടത്തിയതെന്ന് അമേരിക്ക പറയുന്നു.