ഓണ്‍ലൈന്‍ ഫ്‌ളൈറ്റ് ടിക്കറ്റ് തട്ടിപ്പ്: ഒന്റാരിയോ കുടുംബത്തിന് നഷ്ടമായത് വന്‍ തുക 

By: 600002 On: Oct 4, 2024, 6:35 PM

 


സൗദി അറേബ്യയിലേക്ക് തീര്‍ത്ഥയാത്രയ്ക്ക് പ്ലാന്‍ ചെയ്ത ഒന്റാരിയോയിലെ പത്തംഗ കുടുംബം വിമാനയാത്രയ്ക്ക് തയാറെടുത്തപ്പോള്‍ ഞെട്ടി. തങ്ങള്‍ ഓണ്‍ലൈനില്‍ ബുക്ക് ചെയ്ത ടിക്കറ്റുകള്‍ വ്യാജമാണെന്ന് കണ്ടെത്തിയതോടെ എന്ത് ചെയ്യണമെന്നറിയാതെ കുടുംബം വിഷമഘട്ടത്തിലായി. 

യാത്രയ്ക്ക് ഒരുങ്ങുന്നതിന് അവസാന നിമിഷം 17,500 ഡോളറിന് ബുക്ക് ചെയ്ത അഞ്ച് ടിക്കറ്റുകളാണ് വ്യാജമാണെന്ന് കണ്ടെത്തിയത്. അഞ്ച് വ്യാജ ടിക്കറ്റുകള്‍ക്ക് റീഫണ്ട് നല്‍കാന്‍ എയര്‍ കാനഡയ്ക്ക് കഴിഞ്ഞു. എന്നാല്‍ നിര്‍ഭാഗ്യവശാല്‍ പണം തിരികെ ലഭിച്ചത് കുടുംബത്തിനല്ല, ടിക്കറ്റ് വിറ്റ വ്യക്തിക്കാണ്. ഇത് എല്ലാവര്‍ക്കുമുള്ള മുന്നറിയിപ്പാണെന്ന് അധികൃതര്‍ പറയുന്നു. 

സോഷ്യല്‍മീഡിയകളിലുള്ള ഏജന്റുകള്‍ വഴി യാത്രാ ടിക്കറ്റുകള്‍ ബുക്ക് ചെയ്യുമ്പോള്‍ ഒരു പരിരക്ഷയും നല്‍കുന്നില്ലെന്ന് അറിഞ്ഞിരിക്കണമെന്ന് അധികൃതര്‍ പറയുന്നു. മിക്കതും വ്യാജ ഏജന്‍സികളായിരിക്കും. വ്യാജ ടിക്കറ്റുകളായിരിക്കും ഇതിലൂടെ അവര്‍ വില്‍ക്കുക. ഇത്തരത്തിലുള്ള തട്ടിപ്പുകള്‍ക്കെതിരെ ജാഗ്രത പാലിക്കണമെന്നും അധികൃതര്‍ മുന്നറിയിപ്പ് നല്‍കുന്നു.