ന്യൂയോര്‍ക്ക്: അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ അഞ്ച് വര്‍ഷമായുള്ള എയര്‍ ലീക്കാണ് ഐഎസ്എസിലെ ഏറ്റവും വലിയ സുരക്ഷാ ഭീഷണിയെന്ന് അമേരിക്കന്‍ ബഹിരാകാശ ഏജന്‍സിയായ നാസയുടെ ഓഡിറ്റ് റിപ്പോര്‍ട്ട്. ഐഎസ്എസിലുള്ള റഷ്യന്‍ മൊഡ്യൂളിലെ ഒരു ടണലില്‍ ഗുരുതര സുരക്ഷാ പ്രശ്നം നിലനില്‍ക്കുന്നതായി നാസയുടെ ഓഫീസ് ഓഫ് ഇന്‍സ്‌പെക്ടര്‍ ജനറല്‍ പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ പറയുന്നു.
ചോര്‍ച്ചാ പ്രശ്‌നം പരിഹരിക്കാന്‍ നാസയും റഷ്യന്‍ ബഹിരാകാശ ഏജന്‍സിയായ റോസ്‌കോസ്‌മോസും ശ്രമം തുടരും. ചോര്‍ച്ച പരിധിക്കപ്പുറം ആവുന്നതിന് മുമ്പ് നിയന്ത്രിക്കാന്‍ കഴിയും എന്ന പ്രതീക്ഷയിലാണ് റഷ്യന്‍ സ്പേസ് ഏജന്‍സിയായ റോസ്‌കോസ്‌മോസ്. മൊഡ്യൂളില്‍ എയര്‍ ലീക്കുള്ളതായി റഷ്യ ഈ വര്‍ഷം ഫെബ്രുവരിയില്‍ സ്ഥിരീകരിച്ചിരുന്നു. ബഹിരാകാശ നിലയത്തിലെ സഞ്ചാരികള്‍ക്ക് ഇതൊരു സുരക്ഷാ പ്രശ്‌നമാകില്ല എന്ന് റഷ്യ അന്നേ വാദിച്ചിരുന്നു. 2024 ഏപ്രിലിലെ നാസ റിപ്പോര്‍ട്ട് പറയുന്നത് ഐഎസ്എസിലെ എയര്‍ ലീക്ക് അതുവരെയുള്ള ഏറ്റവും ഉയര്‍ന്ന തോതിലെത്തി എന്നാണ്. ഇതിന് ശേഷം അതേ മാസം നടത്തിയ ഒരു അറ്റകുറ്റപ്പണി എയര്‍ ലീക്ക് ഏറെ കുറയ്ക്കാന്‍ സഹായകമായി.
എയര്‍ ലീക്ക് തുടര്‍ന്നാല്‍ പ്രശ്‌നബാധിതമായ ടണല്‍ നാസയും റോസ്‌കോസ്‌മോസും ചേര്‍ന്ന് അടയ്ക്കേണ്ടിവരും. ഇതോടെ ഐസ്എസിലെ റഷ്യന്‍ മൊഡ്യൂളിലുള്ള ഒരു ഡോക്കിംഗ് പോര്‍ട്ട് ഉപയോഗശൂന്യമാകും. 2030 വരെയാണ് രാജ്യാന്തര ബഹിരാകാശ നിലയത്തെ പ്രവര്‍ത്തിപ്പിക്കാന്‍ നാസ ലക്ഷ്യമിടുന്നത്. അവശ്യമായ അറ്റകുറ്റപ്പണി അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ ഇടയ്ക്കിടെ നടത്താറുണ്ട്. അങ്ങനെയാണ് അന്താരാഷ്ട്ര ബഹിരാകാശ നിലയം ഇത്രയും കാലം അതിജീവിച്ചതും.