ഡിപ്പാര്‍ട്ട്‌മെന്റ് വിഭവങ്ങള്‍ ദുരുപയോഗം ചെയ്യുക, വ്യാജ പോലീസ് റിപ്പോര്‍ട്ടുകള്‍ ചമയ്ക്കുക, മൃതദേഹങ്ങളില്‍ നിന്ന് മോഷ്ടിക്കുക എന്നീ കുറ്റങ്ങള്‍ ചുമത്തപ്പെട്ട ടൊറന്റോ പോലീസ് ഓഫീസര്‍ ബോറിസ് ബോറിസോവിന് ഏഴ് വര്‍ഷം തടവ് ശിക്ഷ വിധിച്ച് ഒന്റാരിയോ ജഡ്ജി. പൊതുജനങ്ങളുടെ സംരക്ഷണത്തിന് ഉത്തരവാദിത്തപ്പെട്ട പോലീസ് ഉദ്യോഗസ്ഥര്‍ തന്നെ തട്ടിപ്പ് നടത്തുകയും മോഷണം നടത്തുകയും ചെയ്യുന്നതിനെ ബോറിസോവ് കുറ്റക്കാരാനാണെന്ന് കണ്ടെത്തിയ ജസ്റ്റിസ് മേരി എലന്‍ മിസെനര്‍ അപലപിച്ചു.
ഇത്തരം പ്രവണതകള്‍ തടയണമെന്നും അല്ലാത്ത പക്ഷം പോലീസിലും നീതിന്യായ വ്യവസ്ഥയിലും ജനങ്ങള്‍ക്കുള്ള വിശ്വാസം നഷ്ടപ്പെടുമെന്നും അവര്‍ പറഞ്ഞു. മെയ് മാസത്തില്‍ നടന്ന വിചാരണ വേളയില്‍ 15 കുറ്റങ്ങളിലും ബോറിസോവ് കുറ്റക്കാരനാണെന്ന് കണ്ടെത്തിയിരുന്നു.