ഭവന പ്രതിസന്ധി രൂക്ഷമായി തുടരുന്ന കാനഡയില്‍ താമസിക്കാന്‍ വീട് കണ്ടെത്തുന്നത് വളരെ പ്രയാസകരമാവുകയാണ്. ഈ സാഹചര്യത്തില്‍ പാര്‍പ്പിട പ്രശ്‌നത്തില്‍ തങ്ങളെ അന്യായമായി ചിലര്‍ കുറ്റപ്പെടുത്തുന്നതായി കരുതുന്നുവെന്ന് ഒമ്‌നി ടെലിവിഷന് വേണ്ടി ലെഗര്‍ നടത്തിയ സര്‍വേയില്‍ ഭൂരിഭാഗം കുടിയേറ്റക്കാരും പറയുന്നു. സര്‍ക്കാര്‍ നയങ്ങള്‍, സാമ്പത്തിക സാഹചര്യങ്ങള്‍ എന്നിവ പോലുള്ള അഫോര്‍ഡബിള്‍ ഹൗസിംഗിന്റെ അഭാവത്തിന് കാരണമാകുന്ന പ്രധാന ഘടകങ്ങളില്‍ നിന്ന് ശ്രദ്ധ വ്യതിചലിപ്പിക്കാന്‍ രാഷ്ട്രീയക്കാര്‍ കുടിയേറ്റത്തെ കുറ്റപ്പെടുത്തുകയും അന്യായമായി ഉപയോഗിക്കുന്നതായും പത്ത് പുതിയ കുടിയേറ്റക്കാരില്‍ ഏഴ് പേരും വിശ്വസിക്കുന്നതായി സര്‍വേയില്‍ പ്രതികരിച്ചു.
അതേസമയം, കുടിയേറ്റക്കാരുടെ എണ്ണം വര്‍ധിക്കുന്നത് ഉയര്‍ന്ന പാര്‍പ്പിട ചെലവുകള്‍ക്ക് പുതിയ കുടിയേറ്റക്കാര്‍ ഉത്തരവാദികളാണെന്ന് അര്‍ത്ഥമാക്കുന്നില്ലെന്ന് ഹൗസിംഗ് എക്‌സ്‌പേര്‍ട്ട് പ്രെന്റിസ് ഡാന്റ്‌സ്‌ലര്‍ പറഞ്ഞു. ചില പ്രദേശങ്ങളില്‍ പുതിയ കുടിയേറ്റക്കാരുടെ എണ്ണം മുന്‍ വര്‍ഷങ്ങളേക്കാള്‍ ഉയര്‍ന്നിട്ടുണ്ട്. തല്‍ഫലമായി അവര്‍ ഭവന പ്രതിസന്ധിയുടെ ബലിയാടുകളായി മാറുകയാണെന്ന് അദ്ദേഹം പറഞ്ഞു. ഭവന പ്രതിസന്ധി പുതിയ പ്രശ്‌നമല്ലെന്നത് ആളുകള്‍ മറക്കുന്നു, ഇത് വളരെക്കാലമായി കൈകാര്യം ചെയ്യുന്ന വിഷയമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
മറ്റ് അനേകം കാരണങ്ങള്‍ ഉണ്ടെങ്കിലും കുടിയേറ്റത്തിലും വ്യക്തികളിലും മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുന്നു. ഹൗസിംഗ് സിസ്റ്റത്തില്‍ ആരും തന്നെ ശ്രദ്ധ കേന്ദ്രീകരിക്കുന്നില്ലെന്നും സിസ്റ്റത്തിന്റെ അപകാതകള്‍ മനസ്സിലാക്കുന്നില്ലെന്നും അദ്ദേഹം ഒമ്‌നി ന്യൂസിനോട് പറഞ്ഞു. പുതിയ കുടിയേറ്റക്കാരില്‍ 85 ശതമാനം പേര്‍ക്കും കാനഡയില്‍ ഒരു വീട് എന്നത് സ്വപ്‌നമാണെന്ന് സര്‍വേയില്‍ കണ്ടെത്തി. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് ഇരട്ടിയിലഘികം പേരും സ്വന്തം വീട് വാങ്ങുക എന്ന സ്വപ്‌നം യാഥാര്‍ത്ഥ്യമാക്കാനുള്ള ശ്രമത്തിലാണെന്നും സര്‍വേ പറയുന്നു.