2020 മുതല്‍ കാല്‍ഗറിയില്‍ ജീവിത നിലവാരം 14 ശതമാനം കുറഞ്ഞതായി കാല്‍ഗറി ഫൗണ്ടേഷന്റെ 2024 ക്വാളിറ്റി ഓഫ് ലൈഫ് റിപ്പോര്‍ട്ട്. ഉയര്‍ന്ന ജീവിതച്ചെലവ്, ഭവന വിപണിയിലെ സമ്മര്‍ദ്ദം, ജനസംഖ്യാ വര്‍ധന തുടങ്ങിയവ കാല്‍ഗറിയില്‍ താമസിക്കുന്നവരുടെ ജീവിതനിലവാരം തകരുന്നതിന് കാരണമായതായി റിപ്പോര്‍ട്ടില്‍ കണ്ടെത്തി. റിപ്പോര്‍ട്ട് അനുസരിച്ച് മുഴുവന്‍ സമയവും തൊഴില്‍ ചെയ്യുന്ന കാല്‍ഗറിയിലെ ജനങ്ങളില്‍ 54 ശതമാനവും അനുയോജ്യമായ താമസസൗകര്യം കണ്ടെത്താന്‍ കഴിയാതെ ബുദ്ധിമുട്ടുകയാണ്. 2023 ല്‍ ഇത് 40 ശതമാനമായി ഉയര്‍ന്നു.
താമസിക്കാന്‍ സ്ഥലം കണ്ടെത്തുന്നവര്‍ക്ക് സാമ്പത്തിക ബാധ്യത കൂടുതലാണ്. വര്‍ധിച്ചുവരുന്ന ജീവിതച്ചെലവ് ഭക്ഷ്യ സുരക്ഷയെയും ബാധിക്കുന്നു. ഭക്ഷ്യോല്‍പ്പന്നങ്ങള്‍ വാങ്ങാന്‍ സാധിക്കാതെ ബുദ്ധിമുട്ടുന്നവരുടെ എണ്ണം വര്‍ധിക്കുന്നതായി റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു. പലചരക്ക് സാധനങ്ങളുടെ വിലയില്‍ ഗണ്യമായ വര്‍ധന ഉണ്ടായി. ഇത് കാല്‍ഗറി ഫുഡ് ബാങ്ക് പോലുള്ള സേവനങ്ങളുടെ ആവശ്യം വര്‍ധിക്കാന്‍ കാരണമായതായും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. ചെറിയ കുട്ടികളുള്ള കുടുംബങ്ങളാണ് ഏറ്റവും ബുദ്ധിമുട്ട് അനുഭവിക്കുന്നത്. കുട്ടികള്‍ക്ക് ഭക്ഷണം ഉറപ്പാക്കാന്‍ തങ്ങളുടെ ഭക്ഷണം വെട്ടിച്ചുരുക്കിയതായി 39 ശതമാനം രക്ഷിതാക്കളും പറയുന്നതായി റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നു.