കാല്‍ഗറിയിലെ സിഖ് കമ്മ്യൂണിറ്റിയിലെ അംഗങ്ങള്‍ക്കിടയിലെ സുരക്ഷാ ആശങ്കകള്‍ പരിഹരിക്കാന്‍ നടപടികള്‍ സ്വീകരിക്കണമെന്ന് പ്രാദേശിക രാഷ്ട്രീയക്കാരോടും കമ്മ്യൂണിറ്റി നേതാക്കളോടും ആവശ്യപ്പെട്ട് നോര്‍ത്ത്ഈസ്റ്റ് കാല്‍ഗറിയിലെ സിഖ് കമ്മ്യൂണിറ്റി സെന്റര്‍. ദഷ്‌മേഷ് കള്‍ച്ചര്‍ സെന്ററിലെ നൂറ് കണക്കിന് അംഗങ്ങള്‍ വിഷയം സംബന്ധിച്ച് ഓണ്‍ലൈന്‍ പെറ്റീഷനില്‍ ഒപ്പുവെച്ചു. കമ്മ്യൂണിറ്റിയില്‍ മൊത്തത്തിലുള്ള സുരക്ഷ സംബന്ധിച്ച് അംഗങ്ങള്‍ ആശങ്ക പ്രകടിപ്പിക്കുന്നുണ്ടെന്നും ഇതിനെ തുടര്‍ന്നാണ് ഓണ്‍ലൈന്‍ പെറ്റീഷന്‍ സമര്‍പ്പിക്കാന്‍ തീരുമാനിച്ചതെന്നും സെന്ററിന്റെ വക്താവ് പറഞ്ഞു.
ആളുകള്‍ക്ക് അവരുടെ ആശങ്കകള്‍ പ്രകടിപ്പിക്കാനും പ്രതികരിക്കാനും അനുഭവങ്ങള്‍ പങ്കുവയ്ക്കാനുമുള്ള അവസരമാണിതെന്ന് സെന്റര്‍ ഓപ്പറേഷന്‍സ് ഡയറക്ടര്‍ രാജ് സിദ്ധു പറഞ്ഞു. പ്രശ്‌നങ്ങളുടെ പരിഹാരത്തിനായി ആളുകളുടെ ആശങ്കകള്‍ പോലീസ്, സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ക്ക് പങ്കുവയ്ക്കാമെന്നും സിദ്ധു കൂട്ടിച്ചേര്‍ത്തു.