മിഡില്‍ ഈസ്റ്റില്‍ സംഘര്‍ഷം രൂക്ഷമാവുകയാണ്. ഈ സാഹചര്യത്തില്‍ ലോകരാജ്യങ്ങളെല്ലാം ജാഗ്രതയിലാണ്. ഇതിനിടയില്‍ ഇസ്രയേല്‍-ഹമാസ് ആക്രമണത്തിന്റെ ഒരു വര്‍ഷം തികയുന്ന ദിനമായ ഒക്ടോബര്‍ ഏഴിനും വിവിധ രാജ്യങ്ങളില്‍ മുന്നറിയിപ്പുകള്‍ നല്‍കിയിട്ടുണ്ട്. കാനഡയില്‍ സുരക്ഷ ശക്തമാക്കുമെന്ന് ആര്‍സിഎംപി അറിയിച്ചിട്ടുണ്ട്. ടൊറന്റോയിലുടനീളം സുരക്ഷ ശക്തമാക്കിയതായി ടൊറന്റോ പേലീസ് സര്‍വീസും പറഞ്ഞു. പ്രതിഷേധങ്ങളും അക്രമ പ്രവര്‍ത്തനങ്ങളും നടക്കുമെന്ന് പ്രതീക്ഷിക്കുന്നതിനാല്‍ നഗരത്തിലുടനീളം കൂടുതല്‍ ഉദ്യോഗസ്ഥരെ നിയമിക്കുമെന്നും ടിപിഎസ് ചീഫ് മൈറോണ്‍ ഡെംകിവ് പറഞ്ഞു.
2023 ല്‍ ആരംഭിച്ച ജൂതവിരുദ്ധതയയും ഇസ്ലാമോഫോബിയയും പ്രതിരോധിക്കുന്നതിനുള്ള 'പ്രോജക്ട് റെസല്യൂട്ട്' ഓപ്പറേഷന്‍ പ്രാബല്യത്തില്‍ തുടരുമെന്നും അദ്ദേഹം അറിയിച്ചു.
കാല്‍ഗറിയിലും ഓട്ടവയിലും സുരക്ഷ ശക്തമാക്കിയിട്ടുണ്ടെന്ന് ലോക്കല്‍ പോലീസ് സര്‍വീസുകള്‍ അറിയിച്ചിട്ടുണ്ട്. കമ്മ്യൂണിറ്റികളില്‍ പട്രോളിംഗും മറ്റ് സുരക്ഷാ നടപടികളും ശക്തമാക്കിയിട്ടുണ്ടെന്ന് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. നിലവില്‍ പ്രത്യേക ഭീഷണികളൊന്നുമില്ലെങ്കിലും ജനങ്ങള്‍ ജാഗ്രത പാലിക്കാനും സംശയാസ്പദമായ എന്തെങ്കിലും പ്രവര്‍ത്തനങ്ങള്‍ കണ്ടാല്‍ പോലീസില്‍ അറിയിക്കാനും ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.