ബോയിംഗ് 737 വിമാനങ്ങളുടെ 40 ല്‍ അധികം വിദേശ ഓപ്പറേറ്റര്‍മാര്‍ 737 മാക്‌സ് ഉള്‍പ്പെടെ സുരക്ഷാ അപകടസാധ്യതകള്‍ സൃഷ്ടിക്കുന്ന റഡര്‍ ഘടകങ്ങളുള്ള വിമാനങ്ങള്‍ ഉപയോഗിക്കുന്നതായി മുന്നറിയിപ്പ് നല്‍കി യുഎസ് നാഷണല്‍ ട്രാന്‍സ്‌പോര്‍ട്ടേഷന്‍ സേഫ്റ്റി ബോര്‍ഡ്(NTSB). ഫെബ്രുവരിയില്‍ യുണൈറ്റഡ് എയര്‍ലൈന്‍സ് വിമാനവുമായി ബന്ധപ്പെട്ട സംഭവത്തിന് ശേഷം ചില ബോയിംഗ് 737 വിമാനങ്ങളില്‍ ജാംഡ് റഡര്‍ കണ്‍ട്രോള്‍ സിസ്റ്റത്തിന്റെ സാധ്യതയെക്കുറിച്ച് എന്‍ടിഎസ്ബി അടിയന്തര സുരക്ഷാ മുന്നറിയിപ്പുകള്‍ നല്‍കി. 2019 ല്‍ രണ്ട് വിദേശ ഓപ്പറേറ്റര്‍മാര്‍ക്ക് സമാനമായ സംഭവങ്ങള്‍ ഉണ്ടായതായും എന്‍ടിഎസ്ബി വെളിപ്പെടുത്തി.
മറ്റ് എയര്‍ലൈനുകള്‍ക്ക് അവരുടെ 737 വിമാനങ്ങളില്‍ ഈ അക്യവേറ്ററുകളുടെ സാന്നിധ്യം തിരിച്ചറിയാതിരിക്കാനുള്ള സാധ്യതയെക്കുറിച്ച് തങ്ങള്‍ ആശങ്കാകുലരാണെന്ന് എന്‍ടിഎസ്ബി ചെയര്‍ ജെന്നിഫര്‍ ഹോമെന്‍ഡി ഫെഡറല്‍ ഏവിയേഷന്‍ അഡ്മിനിസ്‌ട്രേഷന്‍ അഡ്മിനിസ്‌ട്രേറ്റര്‍ മൈക്ക് വിറ്റേക്കറിന് അയച്ച കത്തില്‍ പറയുന്നു.
നെവാര്‍ക്കിലെ വിമാനത്താവളത്തില്‍ ലാന്‍ഡിംഗിനിടെ യുണൈറ്റഡ് ബോയിംഗ് 737 മാക്‌സ് 8 വിമാനത്തിലെ റഡര്‍ പെഡലുകള്‍ ന്യൂട്രല്‍ പൊസിഷനില്‍ കുടുങ്ങിയ സംഭവം അന്വേഷിക്കുന്നതായി എന്‍ടിഎസ്ബി അറിയിച്ചു. വിമാനത്തില്‍ യാത്രക്കാരും ജോലിക്കാരുമായി 161 പേരാണ് ഉണ്ടായിരുന്നത്. ആര്‍ക്കും സംഭവത്തില്‍ പരുക്കുകള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നില്ല.
മറ്റ് എയര്‍ലൈനുകള്‍ക്കായി നിര്‍മിച്ച ബോയിംഗ് 737 വിമാനങ്ങളില്‍ ഒമ്പത് എണ്ണത്തില്‍ മാത്രമാണ് റഡ്ഡര്‍ കണ്‍ട്രോള്‍ ഭാഗങ്ങള്‍ ഉപയോഗത്തിലുള്ളത്. എല്ലാ ഘടകങ്ങളും ഈ വര്‍ഷം ആദ്യം നീക്കം ചെയ്തതായി യുണൈറ്റഡ് എയര്‍ലൈന്‍സ് പറഞ്ഞു. 737 മാക്‌സ്, ഓപ്ഷണല്‍ ലാന്‍ഡിംഗ് സിസ്റ്റം ഉള്‍പ്പെടുന്ന മുന്‍ തലമുറയിലെ 737 എന്‍ജി വിമാനങ്ങളില്‍ അക്യുവേറ്ററുകളുമായി പ്രവര്‍ത്തിക്കുന്ന യുഎസ് എയര്‍ലൈനുകള്‍ ഇല്ലെന്ന് എന്‍ടിഎസ്ബി പറഞ്ഞു.