ബാങ്കോക്ക്: പ്രൈമറി സ്കൂൾ വിദ്യാർത്ഥികളുമായി പോയ ബസ് ഇടിച്ച് തീപിടിച്ചു. 20ഓളം പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്. തായ്ലാൻഡ് തലസ്ഥാനമായ ബാങ്കോക്കിലാണ് സംഭവം. അപകടത്തിന് പിന്നാലെ 16 കുട്ടികളും മൂന്ന് അധ്യാപകരും ബസിൽ നിന്ന് പുറത്ത് കടന്ന് രക്ഷപ്പെട്ടെങ്കിലും 22 വിദ്യാർത്ഥികളും 3 അധ്യാപകരേയും കുറിച്ചും ഇനിയും വിവരങ്ങളൊന്നും ലഭ്യമായിട്ടില്ല. അപകടവും വാഹനം തീ പിടിച്ചതും മൂലം മരണവും പരിക്കുകളും സംഭവിച്ചതായാണ് തായ്ലാൻഡ് പ്രധാനമന്ത്രി വിശദമാക്കിയത്. എന്നാൽ അപകടത്തിൽ മരിച്ചയാളുകളുടെ യഥാർത്ഥ എണ്ണത്തിൽ ഇനിയും സ്ഥിരീകരണം വന്നിട്ടില്ല.
അപകടത്തിന് പിന്നാലെ തീ പടർന്ന് പൂർണമായി കത്തിക്കരിഞ്ഞ നിലയിലാണ് ബസുള്ളത്. കനത്ത ചൂട് നിമിത്തം ബസിന് സമീപത്തേക്ക് പോലും എത്താനാവാതിരുന്നത് രക്ഷാപ്രവർത്തനത്തെ തുടക്കത്തിൽ മന്ദഗതിയിലാക്കിയികുന്നു. രക്ഷപ്പെടുത്താൻ കഴിഞ്ഞ 19ൽ എട്ട് പേരെ പൊള്ളലുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
തായ്ലാൻഡിലെ ഉത്തൈ താനി പ്രവിശ്യയിലേക്കുള്ള സ്കൂൾ സന്ദർശനം കഴിഞ്ഞ് മടങ്ങിയ മൂന്ന് ബസുകളിൽ ഒന്നാണ് അപകടത്തിൽപ്പെട്ടത്. നാച്ചുറൽ ഗ്യാസ് ഉപയോഗിച്ചായിരുന്നു ബസ് പ്രവർത്തിച്ചിരുന്നത്. വളരെ ദാരുണമായ സംഭവമാണ് നടന്നതെന്നാണ് തായ്ലാൻഡ് ഗതാഗത മന്ത്രി പ്രതികരിച്ചത്. കാരണം കണ്ടെത്താനും തുടർന്ന് ഇത്തരം അപകടങ്ങൾ ഉണ്ടാവാതിരിക്കാനുമുള്ള നടപടി സ്വീകരിക്കുമെന്നും ഗതാഗത മന്ത്രി വിശദമാക്കി. ദേശീയ പാതയിൽ ടയർ പൊട്ടിത്തെറിച്ച ബസ് റോഡിലെ പോസ്റ്റിലേക്ക് ഇടിച്ച് കയറിയാണ് തീ പിടിച്ചത്.
വലിയ രീതിയിൽ സംഭവത്തിന് പിന്നാലെ മേഖലയിൽ പുക പടർന്നിരുന്നു. ടയർ പൊട്ടിയതിന് പിന്നാലെ ബസിൽ നിന്ന് ഇറങ്ങി ഓടിയ ഡ്രൈവർ ഒളിവിൽ പോയിരിക്കുകയാണ്, മൂന്ന് മുതൽ 15 വരെ പ്രായമുള്ള വിദ്യാർത്ഥികളാണ് ഈ സ്കൂളിൽ പഠിക്കുന്നത്. ഓരോ വർഷവും അലസമായ വാഹനം ഓടിക്കുന്നത് മൂലവും സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാത്തത് മൂലം തായ്ലാൻഡിൽ നിരത്തുകളിൽ കൊല്ലപ്പെടുന്നത് 20000ലേറെ പേരാണെന്നാണ് പുറത്ത് വരുന്ന കണക്കുകൾ.