കുടിയേറ്റക്കാര്‍ക്കായി കാനഡയുടെ വാതിലുകള്‍ തുറന്നിടാന്‍ ഭൂരിഭാഗം പേരും ആഗ്രഹിക്കുന്നു: സര്‍വേ 

By: 600002 On: Oct 1, 2024, 10:03 AM

 

 

കാനഡയിലെ നാല് പ്രധാന നഗരങ്ങളില്‍ നടത്തിയ സര്‍വേയില്‍ ഭൂരിഭാഗം നിവാസികളും കൂടുതല്‍ കുടിയേറ്റക്കാര്‍ക്ക് രാജ്യത്തേക്ക് പ്രവേശിക്കാനുള്ള വാതില്‍ തുറന്നിടണമെന്ന് അഭിപ്രായപ്പെടുന്നു. ടൊറന്റോ, കാല്‍ഗറി, എഡ്മന്റണ്‍, വാന്‍കുവര്‍ എന്നീ നഗരങ്ങളില്‍ മാരു പബ്ലിക് ഒപ്പിനിയന്‍ നടത്തിയ സര്‍വേയില്‍ പുതിയ കുടിയേറ്റക്കാര്‍ തങ്ങളുടെ നഗരത്തില്‍ നല്ല രീതിയില്‍ സ്വാധീനം ചെലുത്തുന്നുണ്ടെന്ന് പകുതിയോളം താമസക്കാരും സമ്മതിക്കുന്നു. വാന്‍കുവറില്‍ 54 ശതമാനം പേര്‍ ഈ അഭിപ്രായത്തോട് യോജിക്കുന്നവരാണ്. അതേസമയം, നാല് നഗരങ്ങളിലുമായി 22 ശതമാനം പേര്‍ ഭാവിയില്‍ കുടിയേറ്റക്കാരുടെ പ്രവേശനം സര്‍ക്കാര്‍ നിയന്ത്രിക്കണമെന്ന് ആഗ്രഹിക്കുന്നവരാണ്. 

ടൊറന്റോയിലും കാല്‍ഗറിയിലും 49 ശതമാനം പേരും എഡ്മന്റണില്‍ 48 ശതമാനം പേരും കുടിയേറ്റക്കാരെ സ്വാഗതം ചെയ്യാമെന്ന് സമ്മതിച്ചു. നഗരങ്ങളിലെ 45 ശതമാനം നിവാസികള്‍ കാനഡ അഞ്ച് സ്ട്രീമുകളില്‍ നിന്ന് അപേക്ഷകരെ സ്വീകരിക്കുന്നത് തുടരണമെന്ന് പ്രതികരിച്ചു. എന്നാല്‍ അടുത്ത രണ്ട് വര്‍ഷത്തേക്ക് കുറഞ്ഞ നിരക്കിലായിരിക്കണമെന്നും ഇവര്‍ അഭിപ്രായപ്പെടുന്നു. ഇവര്‍ അന്താരാഷ്ട്ര വിദ്യാര്‍ത്ഥികളുടെ വരവിനാണ് മുന്‍ഗണന നല്‍കുന്നത്. തുടര്‍ന്ന് അഭയാര്‍ത്ഥികള്‍, താല്‍ക്കാലിക വിദേശ തൊഴിലാളികള്‍, സ്‌പോണ്‍സേര്‍ഡ് ഫാമിലി, ഇക്കണോമിക് ഇമിഗ്രന്റ്‌സ് എന്നീ സ്ട്രീമുകളിലുള്ളവര്‍ക്കാണ് പരിഗണന നല്‍കുന്നത്.