'സാലഡ് ബാര്‍ എക്‌സ്ട്രിമിസം' എന്നറിയപ്പെടുന്ന പുതിയ തരം അക്രമരീതി കാനഡയില്‍ വ്യാപകമാകുന്നതായി ഇന്റേണല്‍ ഗവണ്‍മെന്റ് റിപ്പോര്‍ട്ടുകളെ ഉദ്ധരിച്ച് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഇത് സംബന്ധിച്ച് സര്‍ക്കാര്‍ മുന്നറിയിപ്പും നല്‍കുന്നുണ്ട്. ഒരു പ്രത്യേകം പ്രത്യയശാസ്ത്രത്തേക്കാള്‍ പലവിധ വീക്ഷണങ്ങള്‍ കൂടിച്ചേര്‍ന്ന് ഉണ്ടാകുന്ന ആക്രമണങ്ങളേയാണ് സാലഡ് ബാര്‍ എക്‌സ്ട്രിമിസം എന്ന് സൂചിപ്പിക്കുന്നത്. അടുത്തിടെ നടന്ന എഡ്മന്റണ്‍ സിറ്റി ഹാള്‍ വെടിവെയ്പ്പിനെ റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുകയും ചെയ്തിട്ടുണ്ട്.
ചില തീവ്രവാദികള്‍ക്ക് പ്രാഥമിക ലക്ഷ്യമുണ്ടെന്ന് വിലയിരുത്തപ്പെടുമ്പോള്‍ മറ്റുള്ളവര്‍ കൂടിച്ചേര്‍ന്ന വിശ്വാസങ്ങളാല്‍ സ്വാധീനിക്കപ്പെടുകയാണെന്ന് സ്ട്രാറ്റജിക് ത്രെറ്റ് അസസ്‌മെന്റില്‍ പറയുന്നു. ഗവണ്‍മെന്റിന്റെ ഇന്റഗ്രേറ്റഡ് ടെററിസം അസസ്‌മെന്റ് സെന്ററിന്റെ ജൂണ്‍ 4 ലെ റിപ്പോര്‍ട്ട് അനുസരിച്ച് കാനഡയില്‍ ഇത്തരം തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ വളര്‍ന്നുവരുന്നുണ്ട്. മുഖ്യധാരാ സാമൂഹിക വ്യവഹാരത്തിനുള്ളിലെ സന്ദേശമയക്കലിലൂടെയും തീവ്രവാദ പ്രചാരണങ്ങളിലൂടെയും വ്യക്തികള്‍ ഇതിലേക്ക് നയിക്കപ്പെടുന്നു.
സാലഡ് ബാര്‍ എക്‌സ്ട്രിമിസത്തിനുള്ള ഉദാഹരണമാണ് ഈവര്‍ഷം ജനുവരി 23 ന് എഡ്മന്റണ്‍ സിറ്റി ഹാളിന് നേരെയുണ്ടായ ആക്രമണം. എസ്‌കെഎസ് സ്റ്റൈല്‍ റൈഫിള്‍ ഉപയോഗിച്ച് അയുധധാരിയായ പ്രതി വെടിയുതിര്‍ക്കുകയും തീപിടുത്തമുണ്ടാക്കുകയും ചെയ്യുകയായിരുന്നു. സംഭവത്തില്‍ എഡ്മന്റണ്‍ സ്വദേശിയായ 28 വയസ്സുള്ള ബെസാനി സര്‍വാര്‍ അറസ്റ്റിലായി. രണ്ട് തീവ്രവാദകുറ്റങ്ങള്‍ ഉള്‍പ്പെടെ എട്ടിലധികം കുറ്റങ്ങള്‍ ഇയാള്‍ക്കെതിരെ ചുമത്തി. ആക്രമത്തിന് മുമ്പ് വാട്ടര്‍ ക്വാളിറ്റി മുതല്‍ ഗാസയിലെ വംശഹത്യ വരെ പരാമര്‍ശിക്കുന്ന മാനിഫെസ്റ്റോ പ്രതി റെക്കോര്‍ഡ് ചെയ്തിരുന്നു.
പ്രത്യയശാസ്ത്രപരവും മതപരവുമായ അക്രമങ്ങളുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ ഉയര്‍ന്ന വരികയും അവയെ പണപ്പെരുപ്പം, ഭവനപ്രശ്‌നം, മറ്റ് സാമൂഹിക പ്രശ്‌നങ്ങള്‍ എന്നിവയുമായി ലയിപ്പിച്ച് തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ നടത്താനുള്ള പ്രേരണ വളര്‍ത്തുകയും ചെയ്യുന്നുവെന്ന് ഇന്റഗ്രേറ്റഡ് ടെററിസം അസസ്‌മെന്റ് സെന്റര്‍ പ്രസ്താവനയില്‍ പറയുന്നു.