ഹെലീനിൽ തകർന്ന് നഗരം, പലയിടങ്ങളും ഇരുട്ടിൽ

By: 600007 On: Sep 30, 2024, 4:35 PM

ഫ്ലോറിഡ: 225 കി.മീ വേഗതയിൽ വീശിയടിച്ച ഹെലീൻ ചുഴലിക്കാറ്റ് ഫ്ലോറിഡയിൽ കനത്ത നാശം വിതച്ചു. ഫ്ലോറിഡയിലെ ചെറിയ പട്ടണമായ സ്റ്റെയ്ൻഹാച്ചിയിലാണ് ഏറ്റവും കൂടുതൽ നാശനഷ്ടമുണ്ടായത്. ഇപ്പോഴും പല ഭാഗങ്ങളിലും വൈദ്യുതി പുനസ്ഥാപിക്കാനായിട്ടില്ല. കെട്ടിടങ്ങൾക്ക് വ്യാപക കേടുപാട് സംഭവിച്ചു.

"ഇത് ഹൃദയഭേദകമാണ്. ഞങ്ങൾ ഭൂപടത്തിൽ നിന്ന് തുടച്ചുനീക്കപ്പെട്ടു. ഒന്നും ബാക്കിയില്ല. ഇനി എല്ലാം പുനർനിർമിക്കണം"- വീട് പൂർണമായും നഷ്ടപ്പെട്ട ഡോണ ലാൻഡൻ എന്ന യുവതി പറഞ്ഞു. സംസ്ഥാന തലസ്ഥാനമായ തലഹാസിയിൽ നിന്ന് 145 കിലോമീറ്റർ അകലെയുള്ള സ്റ്റെയ്ൻഹാച്ചിയിലെ മിക്ക കെട്ടിടങ്ങൾക്കും കേടുപാട് സംഭവിച്ചു. അയൽ സംസ്ഥാനങ്ങളിൽ നിന്നുള്ള വൈദ്യുതി ജീവനക്കാർ സ്റ്റെയിൻഹാച്ചിയിൽ എത്തി വൈദ്യുതി പുനസ്ഥാപിക്കാൻ ശ്രമം തുടരുകയാണ്. എന്നാൽ പൂർണമായി പുനസ്ഥാപിക്കാൻ ആഴ്ചകളെടുക്കുമെന്ന് ടീമിന്‍റെ ഭാഗമായ റസ് റോഡ്‌സ് പറഞ്ഞു.

സ്റ്റെയ്ൻഹാച്ചി നദീതീരത്ത് സ്ഥിതി ചെയ്യുന്ന റോയ്സ് റെസ്റ്റോറന്‍റ് ചുഴലിക്കാറ്റിൽ നശിച്ചു. നേരത്തെ ഇഡാലിയ ചുഴലിക്കാറ്റിലും വ്യാപക നാശനഷ്ടമുണ്ടായതോടെ ഏറെക്കാലം റെസ്റ്റോറന്‍റ്  അടച്ചിട്ടിരിക്കുകയായിരുന്നു. ജീവനക്കാർ സുരക്ഷിതരാണ്. ഭീമമായ നഷ്ടമുണ്ടായെങ്കിലും 55 വർഷം പഴക്കമുള്ള റെസ്റ്റോറന്‍റ് പുനർനിർമ്മിക്കുമെന്ന് റെസ്റ്റോറന്‍റ്  ഉടമ ലിൻഡ വിക്കർ പറഞ്ഞു. 

ഹെലീൻ ചുഴലിക്കാറ്റിൽ അമേരിക്കയിൽ മരണം 95 ആയി. സൗത്ത് കരോലിന, ജോർജിയ, ഫ്ലോറിഡ, നോർത്ത് കരോലിന, വിർജീനിയ, ടെന്നസി എന്നീ ആറ് സംസ്ഥാനങ്ങളിലാണ് ചുഴലിക്കാറ്റ് നാശം വിതച്ചത്.  600ഓളം പേരെ കാണാനില്ലെന്നും റിപ്പോർട്ടുണ്ട്. നോർത്ത് കരോലിനയിലും സൌത്ത് കരോലിനയിലും മാത്രമായി 450 റോഡുകളിൽ വെള്ളക്കെട്ട് കാരണം ഗതാഗതം നിരോധിച്ചു. എല്ലാ സംസ്ഥാനങ്ങളിലുമായി 20 ലക്ഷത്തിലേറെ പേർ ഇരുട്ടിലായി. കാറ്റഗറി 4 ൽ പെട്ട ഹെലീൻ അത്യന്തം അപകടകാരിയായ ചുഴലിക്കാറ്റാണെന്ന് നാഷണൽ ഹരികെയിൻ സെന്‍റർ നേരത്തെ  മുന്നറിയിപ്പ് നൽകിയിരുന്നു.