വൻ തിരിച്ചുവരവ്, 200 ബില്യൺ ഡോളർ ക്ലബ്ബിലേക്ക് മാർക്ക് സക്കർബർഗ്

By: 600007 On: Sep 30, 2024, 4:25 PM

ലോകത്തിലെ നാലാമത്തെ വലിയ സമ്പന്നനായി മെറ്റയുടെ സിഇഒ മാർക്ക് സക്കർബർഗ്. 200  ബില്യൺ ഡോളർ കടന്നിരിക്കുകയാണ് സക്കർബർഗിന്റെ ആസ്തി. ബ്ലൂംബെർഗിൻ്റെ ശതകോടീശ്വരൻ സൂചിക പ്രകാരം ആമസോൺ സ്ഥാപകൻ ജെഫ് ബെസോസ്, ടെസ്‌ല സിഇഒ എലോൺ മസ്‌ക്, എൽവിഎംഎച്ച് ചെയർമാൻ ബെർണാഡ് അർനോൾട്ട് എന്നിവരാണ് മാർക്ക് സക്കർബർഗിന് മുൻപിലുള്ള മറ്റു സമ്പന്നർ. സക്കർബർഗിൻ്റെ ആസ്തി ഇപ്പോൾ 201 ബില്യൺ ഡോളറാണ്. ഇതോടെ സമ്പന്നരുടെ എലൈറ്റ് ക്ലബിൽ കയറിയിരിക്കുകയാണ് സക്കർബർഗ്. 

ആമസോൺ സ്ഥാപകൻ ജെഫ് ബെസോസിന്റെ ആസ്തി 211 ബില്യൺ ഡോളർ ആണ്. എൽവിഎംഎച്ച് ചെയർമാൻ ബെർണാഡ് അർനോൾട്ടിന്റെ ആസ്തി 207 ബില്യൺ ഡോളർ ആണ്. ലോകത്തിലെ ഏറ്റവും ധനികനായ ഇലോൺ മസ്‌കിന്റെ ആസ്തി 272 ബില്യൺ ഡോളർ ആണ്. 

സുക്കർബർഗിൻ്റെ സമ്പത്തിൻ്റെ ഭൂരിഭാഗവും മെറ്റയിലെ അദ്ദേഹത്തിൻ്റെ ഓഹരികളിൽ നിന്നാണ് ലഭിക്കുന്നത്. 13 ശതമാനം ഓഹരികളാണ് സക്കർബർഗിന് സ്വന്തമായിട്ടുള്ളത്. അതായത് ഏകദേശം 345.5 ദശലക്ഷം ഓഹരികൾ.  ഈ വർഷം മാത്രം, അദ്ദേഹത്തിൻ്റെ സമ്പത്ത് 73.4 ബില്യൺ ഡോളർ ആണ് വർധിച്ചത്. കാരണം, 2024 ജനുവരി മുതൽ, മെറ്റയുടെ ഓഹരികൾ ഏകദേശം 60 ശതമാനം ഉയർന്നു, ഒരു ഷെയറിന് 560 ഡോളറിലധികം എന്ന റെക്കോർഡ് ഉയരത്തിലേക്ക് എത്തിയിരുന്നു. 

സക്കർബർഗിൻ്റെ തിരിച്ചുവരവ് തീർച്ചയായും ശ്രദ്ധ നേടേണ്ട ഒന്ന് തന്നെയാണ്. കാരണം 2022-ൽ അദ്ദേഹം നേരിട്ട തിരിച്ചടികൾ കണക്കിലെടുക്കുമ്പോൾ വലിയ തിരിച്ചുവരവാണ് നടത്തിയിരിക്കുന്നത്. മെറ്റാവേർസ് നിക്ഷേപങ്ങൾ അദ്ദേഹത്തിൻ്റെ ആസ്തിയിൽ കുത്തനെ ഇടിവുണ്ടാക്കുകയും 100 ബില്യൺ ഡോളറിലധികം നഷ്ടം  വരുത്തുകയും ചെയ്തിരുന്നു.