എയര്‍ ഇന്ത്യ വിമാനത്തിലെ ഭക്ഷണത്തില്‍ പാറ്റ; രണ്ട് വയസ്സുകാരിക്ക് ഭക്ഷ്യവിഷബാധയേറ്റതായി പരാതി 

By: 600002 On: Sep 30, 2024, 12:08 PM

 

 

ഡെല്‍ഹിയില്‍ നിന്നും ന്യൂയോര്‍ക്കിലേക്കുള്ള എയര്‍ ഇന്ത്യ വിമാനത്തില്‍ വിളമ്പിയ ഭക്ഷണത്തില്‍ പാറ്റയെ ലഭിച്ചെന്ന് പരാതി. സോഷ്യല്‍മീഡിയ പ്ലാറ്റ്‌ഫോമായ എക്‌സിലൂടെയാണ് യാത്രക്കാരി പരാതിയുമായി എത്തിയത്. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായി എയര്‍ ഇന്ത്യ അധികൃതര്‍ അറിയിച്ചു. സെപ്തംബര്‍ 17 ന് യാത്ര ചെയ്ത എയര്‍ ഇന്ത്യ വിമാനത്തിലാണ് സംഭവം. വിമാനത്തില്‍ ലഭിച്ച ഓംലെറ്റില്‍ പാറ്റയെ കണ്ടെന്നാണ് പരാതി. രണ്ട് വയസ്സുള്ള കുട്ടി ഓംലെറ്റിന്റെ പകുതിയും കഴിച്ചുകഴിഞ്ഞപ്പോഴാണ് പാറ്റയെ കണ്ടതെന്നും കുട്ടിക്ക് ഭക്ഷ്യവിഷബാധയേറ്റതായും യാത്രക്കാരി എക്‌സില്‍ കുറിച്ചു. 

ഇതിന് മറുപടിയുമായി എയര്‍ ഇന്ത്യയും രംഗത്തെത്തി. തങ്ങളുടെ വിമാനങ്ങളില്‍ ഭക്ഷണം വിതരണം ചെയ്യുന്നതിനായി മികച്ച കാറ്റര്‍മാരോട് ചേര്‍ന്നാണ് പ്രവര്‍ത്തിക്കുന്നതെന്ന് എയര്‍ ഇന്ത്യ പറഞ്ഞു. യാത്രക്കാരി നേരിടേണ്ടി വന്ന പ്രശ്‌നത്തില്‍ അശങ്കയുണ്ടെന്നും ഭാവിയില്‍ ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്നും എയര്‍ ഇന്ത്യ പ്രസ്താവനയില്‍ അറിയിച്ചു.