കനത്ത മഴയും വെള്ളക്കെട്ടും നാശം വിതയ്ക്കുമ്പോള്‍ ഏറ്റവും കൂടുതല്‍ കേടുപാടുകളും നഷ്ടവും സംഭവിക്കുന്നത് ബേസ്‌മെന്റുകളുള്ള കെട്ടിടങ്ങള്‍ക്കാണ്. ബേസ്‌മെന്റില്‍ വെള്ളം കയറി വസ്തുക്കള്‍ നശിച്ചുപോവുന്നത് ഇപ്പോള്‍ സാധാരണമാണ്. കനത്ത നാശനഷ്ടമാണ് ഇതുമൂലം റിപ്പോര്‍ട്ട് ചെയ്യപ്പെടാറുള്ളത്. അതിനാല്‍ ഈ നഷ്ടം ഇല്ലാതാക്കാന്‍ രാജ്യത്തെ ഭാവിയിലെ കാലാവസ്ഥയ്ക്ക് അനുയോജ്യമായത് ബേസ്‌മെന്റ്-ഫ്രീ കെട്ടിടങ്ങളാണെന്ന് നിരീക്ഷകര്‍ ചൂണ്ടിക്കാട്ടുന്നു. ജൂലൈയില്‍ ഒന്റാരിയോയിലുടനീളമുണ്ടായ പേമാരിയില്‍ ബേസ്‌മെന്റുകളിലുണ്ടായ നഷ്ടം 940 മില്യണ്‍ ഡോളറാണെന്ന് കാനഡ ഇന്‍ഷുറന്‍സ് ബ്യൂറോ പറയുന്നു. ആഴ്ചകള്‍ക്ക് ശേഷം ക്യുബെക്കിലും കനത്ത മഴയില്‍ ബേസ്‌മെന്റുകളിലുണ്ടായ നഷ്ടം ഏകദേശം 2.5 ബില്യണ്‍ ഡോളറാണെന്നാണ് കണക്ക്.
കാലാവസ്ഥ വ്യതിയാനം മൂലം കാനഡയില്‍ ഭാവിയിലെ കാലാവസ്ഥയ്ക്ക് ബേസ്‌മെന്റ് ഒഴിവാക്കി കെട്ടിടം പണിയുന്നതാണ് അനുയോജ്യമെന്ന് വിദഗ്ധര്‍ പറയുന്നു. കൂടാതെ കോണ്‍ക്രീറ്റ് ബേസ്‌മെന്റുകള്‍ അന്തരീക്ഷത്തിലേക്ക് ഹരിതഗൃഹ വാതകങ്ങള്‍ പുറന്തള്ളുകയും അതുവഴി കാലാവസ്ഥാ വ്യതിയാനം വേഗത്തിലാക്കാന്‍ സഹായിക്കുന്നുവെന്ന് ഗവേഷണങ്ങള്‍ കാണിക്കുന്നു.
ബേസ്‌മെന്റുകളില്‍ വെള്ളക്കെട്ടുകള്‍ രൂക്ഷമാകുന്ന സാഹചര്യത്തില്‍ മോണ്‍ട്രിയലില്‍ ബേസ്‌മെന്റുകള്‍ വാസയോഗ്യമാക്കി മാറ്റുന്നതില്‍ നിന്നും ഉടമകളെ നിരോധിക്കുന്ന ചട്ടങ്ങള്‍ പാസാക്കിയിട്ടുണ്ട്. ചട്ടം പാസാക്കി ഒരു മാസത്തിന് ശേഷം മോണ്‍ട്രിയല്‍ ബറോ ഓഫ് ലാച്ച് മേയര്‍ മജ വോഡനോവിക് വെള്ളപ്പൊക്ക സാധ്യതയുള്ള പ്രദേശങ്ങളില്‍ പുതിയ ബേസ്‌മെന്റ് അപ്പാര്‍ട്ട്‌മെന്റുകളുടെ നിര്‍മാണം നിരോധക്കണമെന്ന് വാദിച്ചിരുന്നു.