ഐപിഎല്ലില്‍ ഇനി വിദേശതാരങ്ങളുടെ വില നിശ്ചയിക്കുക ഇന്ത്യൻ താരങ്ങള്‍, പുതിയ നിബന്ധന 2026 മുതല്‍

By: 600007 On: Sep 29, 2024, 2:15 PM

മുംബൈ: കഴിഞ്ഞ ഐപിഎല്‍ താരലേലത്തില്‍ ഓസ്ട്രേലിയന്‍ പേസര്‍മാരായ മിച്ചല്‍ സ്റ്റാര്‍ക്കിനും പാറ്റ് കമിന്‍സിനുമായി നടന്ന വാശിയേറിയ ലേലം ആരാധകര്‍ മറന്നിട്ടുണ്ടാകില്ല. ഒടുവില്‍ 20.50 കോടിക്ക് പാറ്റ് കമിന്‍സിനെ സണ്‍റൈസേഴ്സ് ഹൈദരാബാദും 24.75 കോടിയെന്ന റെക്കോർഡ് തുകക്ക് മിച്ചല്‍ സ്റ്റാര്‍ക്കിനെ കൊല്‍ക്കത്തയും സ്വന്തമാക്കിയപ്പോള്‍ ഇന്ത്യൻ താരങ്ങളുടെ പോലും കണ്ണു തള്ളി.

ലേലത്തിനെത്തിയാല്‍ ഇന്ത്യൻ പേസര്‍ ജസ്പ്രീത് ബുമ്രക്കും വിരാട് കോലിക്കും രോഹിത് ശര്‍മക്കുമെല്ലാം 30-40 കോടി മുടക്കാനും ടീമുകള്‍ തയാറാവുമെന്ന ചര്‍ച്ചകളും ക്രിക്കറ്റ് ലോകത്തുണ്ടായിരുന്നു. അതെന്തായാലും വിദേശ താരങ്ങളുടെ വില റോക്കറ്റ് പോലെ കുതിക്കാതിരിക്കാന്‍ പുതിയ നിബന്ധന കൊണ്ടുവന്നിരിക്കുകയാണ് ബിസിസിഐ. ഇന്നലെ പുറത്തുവിട്ട മാര്‍ഗനിര്‍ദേശം അനുസരിച്ച് അടുത്ത മെഗാ താരലേലത്തില്‍ ഒരു ഇന്ത്യൻ താരത്തിന് ലഭിക്കുന്ന തുകയോ ഒരു ഇന്ത്യൻ താരത്തെ നിലനിര്‍ത്താന്‍ മുടക്കുന്ന തുകയോ ഏതാണ് കുറവ് ആ തുകയ്ക്ക് മുകളില്‍ ഒരു വിദേശ താരത്തെ ടീമുകള്‍ക്ക് വിളിക്കാനാകില്ല.

ഉദാഹരണമായി വിരാട് കോലിയെ ആര്‍സിബി 18 കോടി രൂപക്ക് നിലനിര്‍ത്തുകയും ഇഷാന്‍ കിഷനെ 16 കോടി നല്‍കി ലേലത്തില്‍ സ്വന്തമാക്കുകയും ചെയ്താല്‍ 2026ലെ മിനി താരലേത്തില്‍ ഒരു വിദേശതാരത്തിനും 16 കോടിക്ക് മുകളില്‍ ആ ടീമിന് ചെലവഴിക്കാനാവില്ല. ഇനി ഇഷാന്‍ കിഷനെ 20 കോടിക്കാണ് ലേലത്തില്‍ ആര്‍സിബി വിളിച്ചെടുക്കുന്നതെങ്കില്‍ വിദേശതാരത്തിന് ലഭിക്കാവുന്ന പരമാവധി തുക  കോലിക്ക് നല്‍കുന്ന 18 കോടിയായിരിക്കും.