തിരുവനന്തപുരം: മെറ്റയുടെ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളിലൊന്നായ വാട്‌സ്ആപ്പ് പുത്തന്‍ ഫീച്ചറുകള്‍ അവതരിപ്പിക്കുന്നു. മെറ്റ എഐക്ക് ശബ്‌ദ നിര്‍ദേശം നല്‍കിയാല്‍ ഫോട്ടോകള്‍ എഡിറ്റ് ചെയ്‌ത് ലഭിക്കുന്നതാണ് ഇതില്‍ ഏറ്റവും ശ്രദ്ധേയമായ സംവിധാനം. റിയല്‍-ടൈം വോയ്‌സ് മോഡിലൂടെ മെറ്റ എഐയുമായി സംസാരിച്ച് ഫോട്ടോ എഡിറ്റ് ചെയ്യാന്‍ ആവശ്യപ്പെടാം. വാട്‌സ്ആപ്പിന്‍റെ ബീറ്റ വേര്‍ഷനില്‍ കുറച്ച് കാലമായി പ്രത്യക്ഷപ്പെട്ടിരിക്കുന്ന വോയ്‌സ് മോഡ് ഫീച്ചര്‍ ഉടന്‍ വ്യാപകമായി അവതരിപ്പിക്കപ്പെടും.
മെറ്റ എഐയ്ക്ക് വോയിസ് നിര്‍ദേശം നല്‍കിയാല്‍ മറുപടി ലഭിക്കുന്ന സംവിധാനം ഇതിനകം വാട്സ്ആപ്പിലുണ്ട്. ഒരുപടി കൂടി കടന്ന് വാട്‌സ്ആപ്പില്‍ വച്ചുതന്നെ ശബ്ദ നിര്‍ദേശത്തോടെ ഫോട്ടോകള്‍ എഡിറ്റ് ചെയ്യാനുള്ള സംവിധാനം വരുന്നു. ഫോട്ടോകള്‍ മെറ്റ എഐയുമായി ഷെയര്‍ ചെയ്യുന്നതിനൊപ്പം ചാറ്റ്ബോട്ടിനോട് ആവശ്യപ്പെട്ടാല്‍ എഡിറ്റ് ചെയ്യാന്‍ കഴിയും. ചിത്രങ്ങളിലെ അനാവശ്യ ഭാഗങ്ങള്‍ ഒഴിവാക്കാനും ബാക്ക്‌ഗ്രൗണ്ട് അഥവാ പശ്ചാത്തലം മാറ്റാനുമെല്ലാം ഇതിലൂടെ സാധിക്കും. മെറ്റ കണക്റ്റ് ഇവന്‍റിലാണ് ഈ ഫീച്ചര്‍ കമ്പനി അവതരിപ്പിച്ചത്.