ബിറ്റ്‌കോയിനില്‍ പണമടയ്ക്കാന്‍ ആവശ്യപ്പെട്ട് തട്ടിപ്പ് നടത്തുന്നതായി കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടെന്ന് ഒന്റാരിയോ പോലീസ് സര്‍വീസ്. തങ്ങളുടെ ആവശ്യത്തിന് വഴങ്ങിയില്ലെങ്കില്‍ ഇരകളുടെ ഓണ്‍ലൈന്‍ പ്രവര്‍ത്തനങ്ങള്‍ മറ്റുള്ളവരുമായി പങ്കുവയ്ക്കുമെന്ന് ഭീഷണിപ്പെടുത്തുന്നതായി പോലീസ് പറഞ്ഞു. തട്ടിപ്പ് സംബന്ധിച്ച് നോര്‍ത്ത് സിംകോയില്‍ താമസിക്കുന്നവര്‍ക്ക് ഒപിപിയുടെ സതേണ്‍ ജോര്‍ജിയന്‍ ബേ ഡിറ്റാച്ച്‌മെന്റും കനേഡിയന്‍ ആന്റി ഫ്രോഡ് സെന്ററും മുന്നറിയിപ്പ് നല്‍കി. തട്ടിപ്പില്‍ വീഴാതിരിക്കാന്‍ പൊതുജനങ്ങള്‍ക്ക് ജാഗ്രത പാലിക്കണമെന്നും ഉദ്യോദസ്ഥര്‍ പറഞ്ഞു.
ഇമെയിലൂടെ തട്ടിപ്പുകാര്‍ അയക്കുന്ന കത്തുകള്‍ സംബന്ധിച്ച് റിപ്പോര്‍ട്ടുകള്‍ സിഎഎഫ്‌സിക്ക് ലഭിക്കുന്നുണ്ടെന്ന് പോലീസ് വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞു. ഈ കത്തുകളില്‍ ഇരകളുടെ പേര്, ഫോണ്‍ നമ്പര്‍, വിലാസം, ഇരകളുടെ സെര്‍ച്ച് എഞ്ചിന്‍ വിശദാംശങ്ങള്‍, അവയുടെ സ്‌ക്രീന്‍ഷോട്ട് എന്നിവ ഉള്‍പ്പെട്ടിരിക്കുമെന്നും പോലീസ് പറഞ്ഞു. ക്രിപ്‌റ്റോകറന്‍സി വഴി പണമടച്ചില്ലെങ്കില്‍ ഇരയുടെ വ്യക്തിഗത വിവരങ്ങളും സന്ദര്‍ശിച്ച വെബ്‌സൈറ്റുകളുടെ വിശദാംശങ്ങളും വെളിപ്പെടുത്തുമെന്നും മറ്റുള്ളവര്‍ക്ക് ഷെയര്‍ ചെയ്യുമെന്നും ഭീഷണിപ്പെടുത്തുന്നു.