ഹാരി പോട്ടറിലെ 'പ്രൊഫസർ മിനർവ മക്ഗൊനാഗൽ' നടി മാഗി സ്മിത്ത് അന്തരിച്ചു

By: 600007 On: Sep 27, 2024, 5:16 PM

ലണ്ടന്‍: സുപ്രസിദ്ധ നടി മാഗി സ്മിത്ത് അന്തരിച്ചു. 89 വയസ്സായിരുന്നു ലണ്ടനില്‍ വച്ചാണ് മരണം നടന്നത്. 1969-ൽ "ദ പ്രൈം ഓഫ് മിസ് ജീൻ ബ്രോഡി" എന്ന ചിത്രത്തിന് ഓസ്കാർ അവാര്‍ഡ് നേടിയ നടിയാണ് ഇവര്‍. എന്നാല്‍ ഹരിപോര്‍ട്ടര്‍ ചിത്രങ്ങളിലെ പ്രൊഫസർ മിനർവ മക്ഗൊനാഗൽ എന്ന റോളിലൂടെയാണ് നടി ലോകമെങ്ങും സുപരിചിതയായത്. ഒപ്പം  ബ്രിട്ടീഷ് ചരിത്രടെലിവിഷൻ പരമ്പരയായ ഡൗണ്ടൺ ആബിയിലെ ഡോവേജർ കൗണ്ടസ് ഓഫ് ഗ്രാന്ഥം എന്ന റോളും ഏറെ ശ്രദ്ധിക്കപ്പെട്ടതാണ്.  

മാഗി സ്മിത്തിന്‍റെ മക്കളായ ക്രിസ് ലാർക്കിനും ടോബി സ്റ്റീഫൻസും വെള്ളിയാഴ്ച പുലർച്ചെ ലണ്ടനിലെ ആശുപത്രിയിൽ വച്ച് സ്മിത്ത് മരിച്ചുവെന്ന് സംയുക്ത പത്ര പ്രസ്താവനയിലൂടെയാണ് മരണ വിവരം ലോകത്തെ അറിയിച്ചത്. 

"രണ്ട് ആണ്‍മക്കളെയും അഞ്ച് പേരക്കുട്ടികളെയും ഉപേക്ഷിച്ച് മാഗി സ്മിത്ത് മടങ്ങി" മക്കള്‍ പബ്ലിസിസ്റ്റ് ക്ലെയർ ഡോബ്സ് മുഖേന പുറപ്പെടുവിച്ച പ്രസ്താവനയിൽ പറഞ്ഞു.

വനേസ റെഡ്ഗ്രേവും ജൂഡി ഡെഞ്ചും ഉൾപ്പെടുന്ന ഒരു തലമുറയിലെ പ്രമുഖ ബ്രിട്ടീഷ് നടിയായാണ്  മാഗി സ്മിത്ത് വിലയിരുത്തപ്പെടുന്നത്. ഒപ്പം അനവധി അവാര്‍ഡുകള്‍ മാഗി സ്മിത്ത് നീണ്ട കരിയറിനുള്ളില്‍ സ്വന്തമാക്കിയിട്ടുണ്ട്. 

മാർഗരറ്റ് നതാലി സ്മിത്ത് എന്ന് മാഗി സ്മിത്ത് 1934 ഡിസംബർ 28-ന് ലണ്ടന്‍റെ കിഴക്കേ അറ്റത്തുള്ള ഇൽഫോർഡിൽ ജനിച്ചത്.  പിതാവ് സ്മിത്ത്  1939-ൽ ഓക്‌സ്‌ഫോർഡിലെ യുദ്ധകാല ഡ്യൂട്ടിക്ക് നിയോഗിക്കപ്പെട്ടിരുന്നു. ഈ സമയത്ത് ഓക്‌സ്‌ഫോർഡ് പ്ലേഹൗസ് സ്‌കൂളിലെ മാഗിയുടെ തിയേറ്റർ പഠനം മാഗിയെ നടിയെന്ന നിലയില്‍ അടയാളപ്പെടുത്തി. 

മറ്റൊരു മാർഗരറ്റ് സ്മിത്ത് ലണ്ടനിലെ തിയേറ്റര്‍ രംഗത്ത് സജീവമായിരുന്നതിനാൽ മാഗി എന്നത് തന്‍റെ സ്റ്റേജ് പേരായി അവര്‍ സ്വീകരിച്ചു. ലോറൻസ് ഒലിവിയർ മാഗിയുടെ കഴിവുകൾ കണ്ട് നാഷണൽ തിയറ്റർ കമ്പനിയുടെ ഭാഗമാകാൻ അവളെ ക്ഷണിക്കുകയും 1965-ൽ "ഒഥല്ലോ" യുടെ ചലച്ചിത്രാവിഷ്കാരത്തിൽ സഹനടിയായി അവസരം നല്‍കുകയും ചെയ്തു.