കാനഡയില്‍ ഭവന നിര്‍മാണം നാല് ശതമാനം വര്‍ധിച്ചു: സിഎംഎച്ച്‌സി റിപ്പോര്‍ട്ട് 

By: 600002 On: Sep 27, 2024, 11:59 AM

 


കാനഡയില്‍ ആറ് വലിയ നഗരങ്ങളില്‍ ഭവന നിര്‍മാണം വര്‍ധിച്ചതായി കാനഡ മോര്‍ഗെജ് ആന്‍ഡ് ഹൗസിംഗ് കോര്‍പ്പറേഷന്‍(സിഎംഎച്ച്‌സി). 2024 ന്റെ ആദ്യ പകുതിയില്‍ വര്‍ഷം തോറും പുതിയ വീടുകളുടെ നിര്‍മാണം നാല് ശതമാനം ഉയര്‍ന്നതായി സിഎംഎച്ച്‌സി അറിയിച്ചു. എന്നാല്‍ രാജ്യത്ത് വര്‍ധിച്ചുവരുന്ന ഭവന പ്രതിസന്ധി പരിഹരിക്കാന്‍ ഈ വളര്‍ച്ച പര്യാപ്തമല്ലെന്ന് സിഎംഎച്ച്‌സി പറയുന്നു. 

കാനഡയില്‍ ഈ വര്‍ഷം മൊത്തം 68,639 യൂണിറ്റുകളുടെ നിര്‍മാണമാണ് ആരംഭിച്ചത്. എന്നാല്‍ രാജ്യത്തെ ഭവന നിര്‍മാണത്തിന്റെ വാര്‍ഷിക വേഗത ഓഗസ്റ്റില്‍ മന്ദഗതിയിലായതായും സിഎംഎച്ച്‌സി റിപ്പോര്‍ട്ട് ചെയ്തു. 

കാല്‍ഗറി, എഡ്മന്റണ്‍, മോണ്‍ട്രിയല്‍ എന്നീ നഗരങ്ങളിലെ നേട്ടമാണ് ഭവന നിര്‍മാണത്തിന്റെ വളര്‍ച്ചയ്ക്ക് കാരണമായതെന്ന് സിഎംഎച്ച്‌സി പറഞ്ഞു. എന്നാല്‍ ടൊറന്റോ, വാന്‍കുവര്‍, ഓട്ടവ എന്നീ നഗരങ്ങളില്‍ കഴിഞ്ഞ വര്‍ഷം ഇതേകാലയളവിനെ അപേക്ഷിച്ച് 10 മുതല്‍ 20 ശതമാനം വരെ ഇടിവുണ്ടായതായി റിപ്പോര്‍ട്ടില്‍ വ്യക്തമാക്കി.