താല്‍ക്കാലിക ഫോറിന്‍ വര്‍ക്കര്‍ പ്രോഗ്രാം(TFW) വഴി കാനഡയിലെത്തുന്ന വിദേശ തൊഴിലാളികളെ നിയന്ത്രിക്കാനുള്ള പുതിയ മാനദണ്ഡങ്ങള്‍ പ്രാബല്യത്തില്‍ വന്നതായി ഇമിഗ്രേഷന്‍, റെഫ്യൂജീസ് ആന്‍ഡ് സിറ്റിസണ്‍ഷിപ്പ് കാനഡ അറിയിച്ചു. പുതിയ മാറ്റങ്ങള്‍ ഇന്ത്യക്കാര്‍ക്ക് അടക്കമുള്ള വിദേശികള്‍ക്ക് തിരിച്ചടിയാകും. വിദേശ തൊഴിലാളികളുടെ വരവ് നിയന്ത്രിക്കുന്ന പുതിയ ലേബര്‍ മാര്‍ക്കറ്റ് ഇംപാക്റ്റ് അസസ്‌മെന്റ് (LMIA) നിയമമാണ് പ്രാബല്യത്തില്‍ വന്നത്. വിവിധ തൊഴില്‍ മേഖലയില്‍ കുറഞ്ഞ വേതനത്തില്‍ താല്‍ക്കാലിക വിദേശ തൊഴിലാളികളുടെ എണ്ണം 10 ശതമാനമായി കുറയ്ക്കുന്നു. നേരത്തെ ഇത് 20 ശതമാനമായിരുന്നു.
രാജ്യത്ത് തൊഴിലില്ലായ്മാ നിരക്ക് കുതിച്ചുയരുകയും തദ്ദേശീയരായ നിരവധി യുവാക്കള്‍ തൊഴില്‍രഹിതരായി തുടരുകയും ചെയ്യുന്ന സാഹചര്യത്തിലാണ് പുതിയ നിയമങ്ങള്‍ രാജ്യത്ത് നടപ്പിലാക്കിയത്. സ്വദേശികള്‍ക്ക് മുന്‍ഗണന നല്‍കാനും വിദേശ തൊഴിലാളികളെ അമിതമായി ആശ്രയിക്കുന്നത് തടയാനും ലക്ഷ്യമിട്ട് തൊഴിലില്ലായ്മാ നിരക്ക് കൂടുതലുള്ള മെട്രോപൊളിറ്റന്‍ നഗരങ്ങളെയാണ് പുതിയ നിയമം ലക്ഷ്യമിടുന്നത്.
പുതിയ നിയമത്തില്‍ നിന്നും കൃഷി, ഭക്ഷ്യസംസ്‌കരണം, നിര്‍മാണം, ആരോഗ്യ സംരക്ഷണം തുടങ്ങിയ മേഖലകളെ ഒഴിവാക്കിയിട്ടുണ്ട്. കൂടാതെ കുറഞ്ഞ വേതന സ്ട്രീം വഴി നിയമിക്കപ്പെടുന്ന തൊഴിലാളികളുടെ തൊഴില്‍ കാലയളവ് രണ്ട് വര്‍ഷത്തില്‍ നിന്ന് ഇപ്പോള്‍ ഒരു വര്‍ഷമായി പരിമിതപ്പെടുത്തി.