കാനഡയില്‍ കുറ്റകൃത്യങ്ങള്‍ വര്‍ധിക്കുന്നതായി സര്‍വേ റിപ്പോര്‍ട്ട്. മാരു പബ്ലിക് ഒപ്പീനിയന്‍ നടത്തിയ പുതിയ സര്‍വേയില്‍ ടൊറന്റോ, വാന്‍കുവര്‍, എഡ്മന്റണ്‍, കാല്‍ഗറി എന്നീ നഗരങ്ങള്‍ അഭിമുഖീകരിക്കുന്ന പ്രധാന പ്രശ്‌നം കുറ്റകൃത്യങ്ങളാണെന്ന് അഞ്ചില്‍ ഒരാള്‍ കരുതുന്നതായി കണ്ടെത്തി. എഡ്മന്റണ്‍, കാല്‍ഗറി, വാന്‍കുവര്‍ എന്നിവടങ്ങളില്‍ മയക്കുമരുന്ന് ഉപയോഗിച്ചുള്ള കുറ്റകൃത്യങ്ങളാണ് ഏറ്റവും കൂടുതലെന്ന് സര്‍വേ റിപ്പോര്‍ട്ടില്‍ പറയുന്നു.
രാജ്യത്തുടനീളമുള്ള നഗരങ്ങളില്‍ ഒപിയോഡ് ഉപയോഗവും കുത്തനെ വര്‍ധിച്ചു. ഇതും ആശങ്കയ്ക്ക് വഴിവെക്കുന്നു. ബ്രിട്ടീഷ് കൊളംബിയയില്‍ ജനുവരി മുതല്‍ ജൂലൈ വരെയുള്ള കാലയളവില്‍ 1,365 പേര്‍ക്കാണ് അമിതമായ മയക്കുമരുന്ന് ഉപയോഗത്തിലൂടെ ജീവന്‍ നഷ്ടമായത്. ആല്‍ബെര്‍ട്ടയില്‍ 2023 ല്‍ ലഹരിവസ്തുക്കള്‍ ഉപയോഗിച്ചതിനെ തുടര്‍ന്ന് 2000 പേര്‍ മരിച്ചതോടെ മറ്റ് പ്രവിശ്യകളിലെ എണ്ണത്തേക്കാള്‍ റെക്കോര്‍ഡ് തകര്‍ത്തു. കാല്‍ഗറിയില്‍ 660 പേരും എഡ്മന്റണില്‍ 743 പേരും മയക്കുമരുന്ന് ഉപയോഗം മൂലം മരണപ്പെട്ടു.
ടൊറന്റോയില്‍ പ്രധാന ആശങ്ക തോക്ക് ആക്രമണങ്ങളും വാഹന മോഷണവുമാണ്. ഈ വര്‍ഷം ടൊറന്റോയില്‍ തോക്ക് ആക്രമണങ്ങളില്‍ ഗണ്യമായ വര്‍ധനയുണ്ടായി. 2023 നെ അപേക്ഷിച്ച് 46 ശതമാനം വര്‍ധനയും മരണങ്ങളില്‍ 66 ശതമാനം വര്‍ധനയും ഉണ്ടായി. കുറ്റകൃത്യങ്ങള്‍ക്കെതിരെ നഗരത്തിലെ പോലീസ് മേധാവികള്‍ കാര്യക്ഷമമായി പ്രവര്‍ത്തിക്കുന്നുണ്ടെന്നും കര്‍ശന നടപടികള്‍ കൈക്കൊള്ളുന്നുണ്ടെന്നും ഭൂരിപക്ഷം പേരും പറഞ്ഞു. കാല്‍ഗറി പോലീസ് ചീഫ് മാര്‍ക്ക് ന്യൂഫെല്‍ഡിനാണ് മികച്ച സ്‌കോറുള്ളത്. 77 ശതമാനം പേരും അദ്ദേഹം മികച്ച പ്രകടനം കാഴ്ചവെക്കുന്നതായി അഭിപ്രായപ്പെട്ടു.