ലക്ഷക്കണക്കിന് പൗരന്മാരുടെ ആധാർ, പാൻ കാർഡ് വിവരങ്ങൾ ചോർത്തൽ; വെബ്സൈറ്റുകൾ ബ്ലോക്ക് ചെയ്യാൻ കേന്ദ്ര സർക്കാർ

By: 600007 On: Sep 27, 2024, 6:51 AM

ദില്ലി: രാജ്യത്തെ പൗരന്മാരുടെ ആധാർ, പാൻ കാർഡ് വിശദാംശങ്ങൾ ഉൾപ്പെടെ സ്വകാര്യ വിവരങ്ങൾ നിയമവിരുദ്ധമായി ചോർത്തി പ്രദർശിപ്പിച്ച നിരവധി വെബ്‌സൈറ്റുകൾ ബ്ലോക്ക് ചെയ്യാൻ നടപടിയുമായി കേന്ദ്ര സർക്കാർ. ഇന്ത്യൻ കമ്പ്യൂട്ടർ എമർജൻസി റെസ്‌പോൺസ് ടീം (സിഇആർടി-ഇൻ) കണ്ടെത്തിയ സുരക്ഷാ ലംഘനങ്ങൾക്ക് പിന്നാലെയാണ് നീക്കം. വ്യക്തിഗത വിവരങ്ങളിലേക്ക് അനധികൃത ആക്‌സസ് അനുവദിക്കുന്നതുൾപ്പെടെ നിരവധി സുരക്ഷാ വീഴ്ചകളാണ് പരിശോധനയിൽ കണ്ടെത്തിയത്. ഇന്ത്യൻ പൗരന്മാരുടെ ആധാർ, പാൻ കാർഡ് വിശദാംശങ്ങൾ ഉൾപ്പെടെ ചില വെബ്‌സൈറ്റുകൾ പ്രദർശിപ്പിക്കുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നും കേന്ദ്രം വ്യക്തമാക്കി.

ഇത്തരം വെബ്‌സൈറ്റുകളുടെ പ്രവർത്തനം തടയുന്നതിന് വേഗത്തിലുള്ള നടപടി സ്വീകരിച്ചിട്ടുണ്ടെന്നും പ്രസ്താവനയിൽ പറഞ്ഞു. ഇന്ത്യൻ എയ്‌റോസ്‌പേസ് ആൻഡ് എഞ്ചിനീയറിംഗ് പോലുള്ള വെബ്‌സൈറ്റുകളിലാണ് ആധാർ വിവരങ്ങൾ ചോർത്തിയതെന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. വെബ്‌സൈറ്റുകൾക്കെതിരെ യുഐഡിഎഐ പൊലീസിൽ പരാതി നൽകി. ആധാർ വിവരങ്ങൾ പരസ്യമായി പ്രദർശിപ്പിക്കുന്നത് വിലക്കുന്ന ആധാർ നിയമം ലംഘിച്ചതിന് വെബ്‌സൈറ്റ് ഓപ്പറേറ്റർമാർക്കെതിരെ യുണീക്ക് ഐഡൻ്റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യ (യുഐഡിഎഐ) പൊലീസിൽ പരാതി നൽകി.

ബ്ലോക്ക് ചെയ്‌ത വെബ്‌സൈറ്റുകളുടെ നിർദ്ദിഷ്ട പേരുകൾ സർക്കാർ ഔദ്യോ​ഗികമായി വെളിപ്പെടുത്തിട്ടില്ല. ഇന്ത്യൻ പൗരന്മാരുടെ സ്വകാര്യത സംരക്ഷിക്കുന്നതിനുമുള്ള നടപടിയാണ് സർക്കാരിൻ്റെ നടപടിയെന്നും അധികൃതർ വിശദീകരിച്ചു.