തായ്‌ലന്റില്‍ സ്വവര്‍ഗ വിവാഹത്തിന് അംഗീകാരം; അടുത്ത വർഷം മുതൽ പ്രാബല്യത്തിൽ

By: 600007 On: Sep 26, 2024, 3:26 PM

 

സ്വവർഗ വിവാഹം അംഗീകരിച്ച് തായ്‌ലൻഡ്. ബിൽ ജൂണിൽ സെനറ്റിൻ്റെ അംഗീകാരം നേടിയെങ്കിലും നിയമമാകാൻ രാജകീയ അംഗീകാരം ആവശ്യമായിരുന്നു. ചൊവ്വാഴ്ച റോയൽ ഗസറ്റിൽ പ്രസിദ്ധീകരിച്ച ബില്ല് അടുത്ത വർഷം ജനുവരി 22 മുതൽ പ്രാബല്യത്തിൽ വരും. ഇതോടെ തെക്കുകിഴക്കന്‍ ഏഷ്യയില്‍ സ്വവര്‍ഗ വിവാഹത്തെ അംഗീകരിക്കുന്ന ആദ്യ രാജ്യമായി തായ്‌ലൻഡ് മാറി.

പുതിയ നിയമത്തില്‍ ഭര്‍ത്താവ്, ഭാര്യ, പുരുഷന്മാര്‍, സ്ത്രീകള്‍ എന്നിങ്ങനെയുള്ള പദങ്ങള്‍ക്ക് പകരം ലിംഗ നിക്ഷ്പക്ഷത കാണിക്കുന്ന പദങ്ങള്‍ ഉപയോഗിക്കുമെന്നും സ്വവര്‍ഗ ദമ്പതികള്‍ക്ക് ദത്തെടുക്കലും മറ്റവകാശങ്ങളും നല്‍കുമെന്നുമാണ് റിപ്പോർട്ടുകൾ. വർഷങ്ങളായുള്ള പോരാട്ടത്തിനാണ് ഫലം കണ്ടതെന്നും തീരുമാനം ചരിത്രപരമാണെന്നുമാണ് ആക്ടീവിസ്റ്റുകൾ വ്യക്തമാക്കുന്നത്.

അതേസമയം, ബില്ലിനെ പിന്തുണച്ച് മുന്‍ തായ്‌ലൻഡ് പ്രധാനമന്ത്രി ശ്രേത്ത തവിസിനും രംഗത്തെത്തിയിരുന്നു. തായ്‌ലന്റിന്റെ സുപ്രധാന ചുവടുവെപ്പുകളില്‍ ഒന്നാണിതെന്നും ലിംഗവൈവിധ്യം പൂര്‍ണമായി അംഗീകരിക്കപ്പെടുന്നുവെന്നും അദ്ദേഹം പറഞ്ഞു.