തീപിടിക്കാന്‍ സാധ്യതയുണ്ടെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് കാനഡയില്‍ വാള്‍മാര്‍ട്ട്, ബെസ്റ്റ്‌ബൈ, ആമസോണ്‍ എന്നിവ വഴി വിറ്റഴിച്ച ആയിരക്കണക്കിന് പോര്‍ട്ടബിള്‍ ചാര്‍ജറുകള്‍ ഹെല്‍ത്ത് കാനഡ തിരിച്ചുവിളിച്ചു. Anker 334 MagGo ബാറ്ററി പോര്‍ട്ടബിള്‍ ചാര്‍ജറുകളാണ് തിരിച്ചുവിളിച്ചിരിക്കുന്നത്. ഈ ചാര്‍ജറുകളിലുള്ള ലിഥിയം ബാറ്ററികള്‍ അമിതമായി ചൂടാവുകയും പുകയുണ്ടാവുകയും ചെയ്യുന്നു. ഇതിലെ പ്ലാസ്റ്റിക് ഘടകങ്ങള്‍ ഉരുകി ചിലപ്പോള്‍ തീപിടിക്കാന്‍ സാധ്യത വര്‍ധിപ്പിക്കുമെന്ന് ഹെല്‍ത്ത് കാനഡ പ്രസ്താവനയില്‍ പറയുന്നു.
2024 ജനുവരിയ്ക്കും സെപ്തംബറിനുമിടയില്‍ കാനഡയില്‍ 3,000 ത്തിലധികം പവര്‍ബാങ്കുകളാണ് വിറ്റഴിച്ചത്. എന്നാല്‍ സെപ്തംബര്‍ 17 വരെ അപകടങ്ങളോ പരുക്കുകളോ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ലെന്ന് ഹെല്‍ത്ത് കാനഡ വ്യക്തമാക്കി.
തിരിച്ചുവിളിക്കപ്പെട്ടവയില്‍ തങ്ങളുടെ പവര്‍ബാങ്കുകള്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്ന് ആശങ്കയുള്ള ഉപഭോക്താക്കള്‍ പവര്‍ബാങ്ക് ഉപയോഗം നിര്‍ത്തണമെന്നും സുരക്ഷിതമായ സ്ഥലത്ത് സൂക്ഷിക്കണമെന്നും ഉല്‍പ്പന്നത്തിന്റെ സീരിയല്‍ നമ്പര്‍ മനസ്സിലാക്കി ബാധിക്കപ്പെട്ടവയാണെയെന്നറിയാന്‍ Anker വെബ്‌സൈറ്റ് സന്ദര്‍ശിക്കണമെന്നും അധികൃതര്‍ അറിയിച്ചു.