കാനഡയില്‍ ഫെര്‍ട്ടിലിറ്റി നിരക്ക് റെക്കോര്‍ഡ് താഴ്ന്ന നിലയില്‍: റിപ്പോര്‍ട്ട് 

By: 600002 On: Sep 26, 2024, 10:05 AM


കാനഡയുടെ ഫെര്‍ട്ടിലിറ്റി നിരക്ക് ക്രമാനുഗതമായി കുറഞ്ഞ് റെക്കോര്‍ഡ് താഴ്ന്ന നിരക്കിലെത്തിയതായി സ്റ്റാറ്റിസ്റ്റിക്‌സ് കാനഡ. ഏറ്റവും താഴ്ന്ന ഫെര്‍ട്ടിലിറ്റി റേറ്റുള്ള രാജ്യങ്ങളില്‍ ഒന്നാണ് ഇപ്പോള്‍ കാനഡയെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. സൗത്ത്‌കൊറിയ, സ്‌പെയിന്‍, ജപ്പാന്‍ എന്നീ രാജ്യങ്ങളാണ് ഫെര്‍ട്ടിലിറ്റി റേറ്റ് കുറഞ്ഞ മറ്റ് രാജ്യങ്ങള്‍. രാജ്യത്തുള്ള 13 പ്രവിശ്യകളിലും പ്രദേശങ്ങളിലും 10 എണ്ണത്തിലും ഏറ്റവും കുറഞ്ഞ ഫെര്‍ട്ടിലിറ്റി നിരക്കാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഒരു സ്ത്രീക്ക് അവളുടെ പ്രത്യുല്‍പ്പാദന ജീവിതത്തില്‍ പ്രതീക്ഷിക്കാവുന്ന ജനനങ്ങളുടെ ശരാശരി  കണക്കാണ് ഫെര്‍ട്ടിലിറ്റി റേറ്റ്. 

2023 ല്‍ കാനഡയില്‍ ഫെര്‍ട്ടിലിറ്റി നിരക്ക് ഒരു സ്ത്രീക്ക് 1.26 കുട്ടികളാണെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു. 2022 ല്‍ ഒരു സ്ത്രീക്ക് 1.33 കുട്ടികള്‍ എന്ന നിലയിലേക്ക് താഴ്ന്നിരുന്നു. കഴിഞ്ഞ വര്‍ഷം കാനഡയില്‍ 351,477 കുഞ്ഞുങ്ങളാണ് ജനിച്ചത്. ഇത് 2022 ലെ സംഖ്യയ്ക്ക് സമാനമാണ്. പാന്‍ഡെമിക്കിന് ശേഷം കുടുംബങ്ങള്‍ കുട്ടികള്‍ വേണമെന്ന ആഗ്രഹം നീട്ടിവെക്കുന്നതായി റിപ്പോര്‍ട്ടില്‍ പറയുന്നു. സാമ്പത്തിക അനിശ്ചിതത്വം, ഉയര്‍ന്ന ജീവിതച്ചെലവ്, ജീവിതശൈലിയിലുണ്ടായ മാറ്റങ്ങള്‍, തൊഴില്‍ തീരുമാനങ്ങള്‍ എന്നിവ ഫെര്‍ട്ടിലിറ്റി റേറ്റ് കുറയാനുള്ള പ്രധാന കാരണങ്ങളെന്ന് റിപ്പോര്‍ട്ടില്‍ കണ്ടെത്തി. 

കഴിഞ്ഞ മൂന്ന് പതിറ്റാണ്ടുകളായി കാനഡയില്‍ മാസം തികയാതെയുള്ള ജനന നിരക്ക് വര്‍ധിച്ചതായും സ്റ്റാറ്റിസ്റ്റിക്‌സ് കാനഡ റിപ്പോര്‍ട്ട് ചെയ്തു. 2023 ല്‍ 50 വര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന നിരക്കായ 8.3 ശതമാനത്തിലെത്തിയതായി റിപ്പോര്‍ട്ട് ചെയ്യുന്നു.