നോര്‍ത്ത്ഈസ്റ്റ് കാല്‍ഗറിയില്‍ തീപിടുത്തം; രണ്ട് വീടുകള്‍ കത്തിനശിച്ചു 

By: 600002 On: Sep 26, 2024, 9:34 AM

 


നോര്‍ത്ത്ഈസ്റ്റ് കാല്‍ഗറിയില്‍ തീപിടുത്തത്തെ തുടര്‍ന്ന് രണ്ട് വീടുകള്‍ കത്തിനശിച്ചു. ബുധനാഴ്ച ഉച്ചകഴിഞ്ഞ് 3.20 ഓടെ 88 അവന്യുവിനും 60 സ്ട്രീറ്റിനും സമീപമുള്ള സാഡില്‍ട്രീ ക്ലോസ് എന്‍ഇ യിലെ വീട്ടിലാണ് തീപിടുത്തം ഉണ്ടായത്. അഗ്നിശമന സേനാംഗങ്ങള്‍ സ്ഥലത്തെത്തിയപ്പോഴേക്കും തീപിടുത്തം ഉണ്ടായ വീട്ടില്‍ നിന്നും അയല്‍വീട്ടിലേക്ക് തീ പടര്‍ന്നിരുന്നുവെന്ന് കാല്‍ഗറി ഫയര്‍ ഡിപ്പാര്‍ട്ട്‌മെന്റ് പറഞ്ഞു. ആളപായമോ പരുക്കുകളോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. 

തീപിടിച്ച വീട്ടിലുണ്ടായിരുന്ന ഒരാള്‍ തന്റെ രണ്ട് നായകള്‍ക്കൊപ്പം സുരക്ഷിതനായി പുറത്തുകടന്നു. രണ്ടാമത്തെ വീട്ടില്‍ ആരുമുണ്ടായിരുന്നില്ല. സമീപ പ്രദേശത്തുണ്ടായിരുന്ന സ്‌കൂളിലെ അധ്യാപകര്‍ തീപിടുത്തത്തെക്കുറിച്ച് വിവരമറിയിച്ചതിനെ തുടര്‍ന്ന് പെട്ടെന്ന് ആളുകളെ ഒഴിപ്പിക്കാന്‍ സാധിച്ചു. വൈകിട്ട് 5.30 ഓടെ തീ നിയന്ത്രണവിധേയമാക്കിയതായി ഫയര്‍ ഡിപ്പാര്‍ട്ട്‌മെന്റ് അറിയിച്ചു. ഗ്യാസ് ലൈനുകളും വൈദ്യുതിയും വിച്ഛേദിച്ചിരുന്നു. 

തീപിടുത്തമുണ്ടാകാനുള്ള കാരണം സംബന്ധിച്ച് അന്വേഷണം ആരംഭിച്ചു.