കാനഡയില്‍ ജനസംഖ്യാ വളര്‍ച്ച 0.6 ശതമാനം; പാന്‍ഡെമിക്കിന് ശേഷം ആദ്യമായി മന്ദഗതിയില്‍ 

By: 600002 On: Sep 26, 2024, 8:06 AM

 


കാനഡയില്‍ ജനസംഖ്യ 0.6 ശതമാനം വര്‍ധിച്ചതായി സ്റ്റാറ്റിസ്റ്റിക്‌സ് കാനഡ റിപ്പോര്‍ട്ട്. ജൂലൈ ഒന്നിന് ജനസംഖ്യ 41,288,599 ആയി ഉയര്‍ന്നു. രണ്ടാംപാദത്തില്‍ 250,229 പേരെ കൂട്ടിച്ചേര്‍ത്താണ് രാജ്യത്ത് 0.6 ശതമാനം വളര്‍ച്ച രേഖപ്പെടുത്തിയത്. എന്നാല്‍ പാന്‍ഡെമിക്കിന് ശേഷം ആദ്യമായി ജനസംഖ്യാ വളര്‍ച്ച മന്ദഗതിയിലായെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. 2023 ലെ ഇതേ പാദത്തില്‍ 0.8 ശതമാനവും 2022 രണ്ടാ പാദത്തില്‍ 0.7 ശതമാനവും കണക്കിലെടുക്കുമ്പോള്‍ വളര്‍ച്ചാ നിരക്ക് കുറഞ്ഞു. 

രാജ്യാന്തര കുടിയേറ്റമാണ് കാനഡയില്‍ ജനസംഖ്യാ വര്‍ധനവിനുള്ള പ്രധാന കാരണം. എന്നാല്‍ കാനഡയുടെ അതിര്‍ത്തികള്‍ അടച്ചതും കുടിയേറ്റ നിയമത്തിലും അന്താരാഷ്ട്ര വിദ്യാര്‍ത്ഥി പ്രോഗ്രാമിലും വരുത്തിയ മാറ്റങ്ങളും കാനഡയിലേക്കുള്ള ആളുകളുടെ എണ്ണം ഗണ്യമായി കുറച്ചതായി റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാണിക്കുന്നു.

പ്രവിശ്യകളില്‍ ആല്‍ബെര്‍ട്ടയിലാണ് ഏറ്റവും വേഗതയേറിയ ജനസംഖ്യാ വളര്‍ച്ചാ നിരക്ക് രേഖപ്പെടുത്തിയത്. ത്രൈമാസത്തില്‍ 1.0 ശതമാനം വര്‍ധനയാണുണ്ടായത്. അതേസമയം, 0.1 ശതമാനം മാത്രം ജനസംഖ്യ വര്‍ധനവുണ്ടായ നോര്‍ത്ത് വെസ്റ്റ് ടെറിറ്ററീസ് ആണ് ഏറ്റവും പിന്നില്‍.