ലോകത്തിലെ ഏറ്റവും നീളമേറിയ തുരങ്കപാതങ്ങളിലൊന്ന് കാനഡയിലായിരിക്കുമെന്ന അവകാശവാദവുമായി ഒന്റാരിയോ സര്‍ക്കാര്‍. ഹൈവേ 401 ന് കീഴിലായി നിര്‍മിക്കുന്ന പുതിയ ഡ്രൈവര്‍ ആന്‍ഡ് ട്രാന്‍സിറ്റ് ടണല്‍ എക്‌സ്പ്രസ് വേയുടെ സാധ്യതയ്ക്കായുള്ള സാങ്കേതിക മൂല്യനിര്‍ണയം ആരംഭിച്ചതായി പ്രീമിയര്‍ ഡഗ് ഫോര്‍ഡ് വാര്‍ത്താസമ്മേളനത്തില്‍ പ്രഖ്യാപിച്ചു. ടൊറന്റോ നഗരത്തിന്റെ വടക്ക് ഭാഗത്തായി പ്രവിശ്യയിലെ ഏറ്റവും ഗ്രിഡ്‌ലോക്ക് ചെയ്തിരിക്കുന്ന റോഡുകള്‍ക്ക് പുതിയതും വേഗതയേറിയതുമായ റൂട്ട് നല്‍കാന്‍ പുതിയ എക്‌സ്പ്രസ് വേയ്ക്ക് കഴിയുമെന്ന് ഒന്റാരിയോ സര്‍ക്കാര്‍ അവകാശപ്പെടുന്നു. പടിഞ്ഞാറ് ഭാഗം ബ്രാംപ്ടണിനും മിസിസാഗയ്ക്കും കിഴക്ക് ഭാഗത്ത് നിന്നും മര്‍ഖാമിനും സ്‌കാര്‍ബറോയ്ക്കും അപ്പുറത്തേക്ക് തുരങ്കപാത നീളുന്നു.
ജിടിഎ വഴിയുള്ള ഹൈവേ 401 വടക്കേ അമേരിക്കയിലെ ഏറ്റവും തിരക്കേറിയ ഹൈവേയായി കണക്കാക്കുന്നു. ഈ തിരക്ക് കുറയ്ക്കുക എന്ന ലക്ഷ്യത്തോടെയാണ് പുതിയ തുരങ്കപാത നിര്‍മിക്കുന്നത്. ഇതോടെ ജിടിഎയിലെയും ഹാമില്‍ട്ടണ്‍ ഏരിയയിലെയും ട്രാഫിക് ഗണ്യമായി കുറയ്ക്കാന്‍ കഴിയും. കൂടാതെ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ നടക്കുമ്പോഴും ദീര്‍ഘകാലാടിസ്ഥാനത്തിലും ചരക്കുകളും സേവനങ്ങളും വേഗത്തില്‍ വിപണിയിലെത്തിക്കാന്‍ സഹായിക്കുന്നതിലൂടെ സാമ്പത്തിക വളര്‍ച്ചയ്ക്ക് പുതിയ മുതല്‍ക്കൂട്ടാകും പുതിയ എക്‌സ്പ്രസ്‌വേയെന്ന് സര്‍ക്കാര്‍ പ്രസ്താവനയില്‍ വ്യക്തമാക്കി. അതേസമയം, തുരങ്കപാത നിര്‍മിക്കുന്നതിന് എത്ര തുക ചെലവാകും എന്നത് സംബന്ധിച്ച് വ്യക്തമാക്കിയിട്ടില്ല.