ലബനാനിൽ ആക്രമണം കടുപ്പിച്ച് ഇസ്രായേൽ; ഹിസ്ബുല്ല കമാൻഡറടക്കം ആറുപേർ കൊല്ലപ്പെട്ടു

By: 600007 On: Sep 25, 2024, 3:41 PM

ബെയ്റൂത്ത്: ലബനാനിൽ ആക്രമണം കടുപ്പിച്ച് ഇസ്രായേൽ. തലസ്ഥാനമായ ബെയ്റൂത്തിന് നേരെയുണ്ടായ ബോംബാക്രമണത്തിൽ ആറുപേർ കൊല്ലപ്പെട്ടു. ഹിസ്ബുല്ല കമാൻഡർ ഇബ്രാഹിം ഖുബൈസിയും കൊല്ലപ്പെട്ടതായി ഇസ്രായേൽ സൈന്യം അവകാശപ്പെട്ടു. ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ ലബനാനിലേക്കും ഇസ്രായേലിലേക്കുമുള്ള സർവീസുകൾ വിവിധ വിമാന കമ്പനികൾ റദ്ദാക്കി. ഇസ്രായേൽ ആക്രമണത്തിൽ ലബനാനിൽ ഇതുവരെ 569 പേരാണ് കൊല്ലപ്പെട്ടത്. 

ഹിസ്ബുല്ല നേതാക്കളെ ലക്ഷ്യമിട്ടാണ് ആക്രമണമെന്ന് ഇസ്രായേൽ ആവർത്തിച്ച് പറയു​മ്പോഴും സ്ത്രീകളും കുട്ടികളും ഉൾപ്പെടെ കൊല്ലപ്പെടുന്ന സിവിലിയൻമാരുടെ എണ്ണം കൂടുകയാണ്. ബെയ്റൂത്തിന് തെക്ക് ദഹിയയിൽ ഒരു ആറുനില കെട്ടിടത്തിന് നേരെയുണ്ടായ ആക്രമണത്തിലാണ് ആറുപേർ കൊല്ലപ്പെട്ടത്. 15 പേർക്ക് പരിക്കേറ്റു. ഹിസ്ബുല്ല മിസൈൽ വിഭാഗം കമാൻഡർ ഇബ്രാഹിം മുഹമ്മദ് ഖുബൈസും ഈ ആക്രമണത്തിൽ കൊല്ലപ്പെട്ടതായി ഇസ്രായേൽ അവകാശപ്പെട്ടു