കാനഡയിലേക്ക് വരുന്നവര്‍ സന്ദര്‍ശക വിസ ദുരുപയോഗം ചെയ്യുന്നത് തടയാന്‍ ഫെഡറല്‍ സര്‍ക്കാര്‍ കൂടുതല്‍ നടപടികള്‍ സ്വീകരിക്കേണ്ടതുണ്ടെന്ന് ഇമിഗ്രേഷന്‍ മിനിസ്റ്റര്‍ മാര്‍ക്ക് മില്ലര്‍. സമ്മര്‍സീസണില്‍ നിരവധി കാര്യങ്ങള്‍ കൈക്കൊണ്ടിട്ടുണ്ടെന്നും രാജ്യത്തേക്ക് വരുന്ന ആളുകളുടെ ഒഴുക്ക് കൈകാര്യം ചെയ്യുക എന്നതായിരുന്നു പ്രത്യേക ലക്ഷ്യമെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. സന്ദര്‍ശക വിസയില്‍ വരുന്നവരുടെ ലക്ഷ്യം എന്താണെന്ന് ഉറപ്പുവരുത്തേണ്ടതിന് കര്‍ശനമായ പ്രവര്‍ത്തനങ്ങള്‍ നടത്തേണ്ടതുണ്ട്. ചിലര്‍ രാജ്യത്ത് അഭയം തേടുന്നതിനോ താമസിക്കുന്നതിനോ യുഎസിലേക്കുള്ള യാത്രയ്ക്കായും വിസിറ്റിംഗ് വിസ ഉപയോഗിക്കുന്നുണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്. ഇത് തടയുക എന്നതാണ് ഉദ്ദേശ്യം.
2023 ഒക്ടോബറിനും 2024 ഓഗസ്റ്റിനും ഇടയില്‍ കാനഡ-യുഎസ് അതിര്‍ത്തിയില്‍ അമേരിക്കന്‍ ഭാഗത്തുള്ള അതിര്‍ത്തി പോസ്റ്റുകള്‍ക്കിടയില്‍ 21,929 അനധികൃത കുടിയേറ്റക്കാര്‍ പിടിയിലായതായി യുഎസ് കസ്റ്റംസ് ആന്‍ഡ് ബോര്‍ഡര്‍ പ്രൊട്ടക്ഷന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. യുഎസ് ബോര്‍ഡര്‍ പട്രോള്‍ ഓഫീസര്‍മാരുടെ പിടിയിലായ ഇവരില്‍ 12,992 പേര്‍(60 ശതമാനത്തോളം) ഇന്ത്യയില്‍ നിന്നാണെന്നാണ് റിപ്പോര്‍ട്ട്. ഈ കണക്കുകള്‍ പുറത്തുവന്നതോടെ, ഇന്ത്യയില്‍ നിന്നുള്ള വിസ അപേക്ഷകര്‍ക്ക് ഭാവിയില്‍ കൂടുതല്‍ സൂക്ഷമ പരിശോധന നേരിടേണ്ടി വരുമെന്ന് മില്ലര്‍ വ്യക്തമാക്കി.