ആല്‍ബെര്‍ട്ടയില്‍ 48 ശതമാനം യുവ നഴ്‌സുമാര്‍ ജോലി ഉപേക്ഷിക്കുന്നു 

By: 600002 On: Sep 25, 2024, 10:44 AM

 


ആല്‍ബെര്‍ട്ടയില്‍ ജോലി ഉപേക്ഷിക്കുന്ന യുവ നഴ്‌സുമാരുടെ എണ്ണം വര്‍ധിക്കുന്നതായി റിപ്പോര്‍ട്ട്. മോണ്‍ട്രിയല്‍ ഇക്കണോമിക് ഇന്‍സ്റ്റിറ്റ്യൂട്ട് പുറത്തിറക്കിയ റിപ്പോര്‍ട്ടില്‍ 2022 ല്‍ പ്രവിശ്യയിലെ 35 വയസ്സിന് താഴെയുള്ള നഴ്‌സുമാരില്‍ 48 ശതമാനവും ജോലി ഉപേക്ഷിച്ചതായി പറയുന്നു. കാനഡയിലുടനീളമുള്ള ആരോഗ്യപരിപാലന സംവിധാനങ്ങള്‍ യുവ നഴ്‌സുമാരെ പിടിച്ചുനിര്‍ത്താന്‍ പാടുപെടുകയാണെന്ന് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. ആല്‍ബെര്‍ട്ടയിലെ രണ്ട് യുവ നഴ്‌സുമാരില്‍ ഒരാള്‍ 35 വയസ് തികയുന്നതിന് മുമ്പ് തൊഴില്‍ ഉപേക്ഷിക്കുന്നുണ്ടെന്നും ഇത് വിഷമകരവും ആശങ്കപ്പെടുത്തുന്നതാണെന്നും ഇന്‍സ്റ്റിറ്റ്യൂട്ടിലെ ഗവേഷണ ഡയറക്ടര്‍ ക്രിസ്റ്റില്‍ വിറ്റെവ്‌റോംഗല്‍ പറഞ്ഞു. 

മറ്റ് പ്രവിശ്യകളുമായി താരതമ്യപ്പെടുത്തുമ്പോള്‍ ആല്‍ബെര്‍ട്ട നാലാം സ്ഥാനത്താണ്. ന്യൂബ്രണ്‍സ്‌വിക്ക്( 80.2 ശതമാനം), നോവ സ്‌കോഷ്യ( 60.4 ശതമാനം), ന്യൂഫൗണ്ട്‌ലാന്‍ഡ് ആന്‍ഡ് ലാബ്രഡോര്‍(50.3 ശതമാനം) എന്നിവയാണ് ആല്‍ബെര്‍ട്ടയ്ക്ക് മുന്നിലുള്ളത്. ആരോഗ്യ മേഖല നേരിടുന്ന പ്രധാന പ്രതിസന്ധിയിലേക്ക് വിരല്‍ചൂണ്ടുന്നതാണ് ഈ റിപ്പോര്‍ട്ടെന്ന് യുണൈറ്റഡ് നഴ്‌സസ് ഓഫ് ആല്‍ബെര്‍ട്ട പ്രസിഡന്റ് ഹെതര്‍ സ്മിത്ത് പറഞ്ഞു.  വര്‍ക്ക്-ലൈഫ് ബാലന്‍സ് ജോലിയെ സ്വാധീനിക്കുന്നുണ്ടെന്ന് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. വര്‍ക്ക് ഷെഡ്യൂളുകളില്‍ നിയന്ത്രണമില്ലായ്മ, നിര്‍ബന്ധിത ഓവര്‍ ടൈം, ഷിഫ്റ്റ് ഫ്‌ളെക്‌സിബിളിറ്റിയുടെ അഭാവം എന്നിവയാണ് നിലവിലെ ജോലി ഉപേക്ഷിക്കാനുള്ള കാരണമായി വ്യക്തമാക്കുന്നത്. 

അതേസമയം, പ്രവിശ്യയിലുടനീളമുള്ള നഴ്‌സുമാരെ റിക്രൂട്ട് ചെയ്യുന്നതിനും നിലനിര്‍ത്തുന്നതിനും പിന്തുണയ്ക്കുന്നതിനും പ്രവിശ്യ പ്രതിജ്ഞാബദ്ധമാണെന്ന് ആല്‍ബെര്‍ട്ട ഹെല്‍ത്ത് സര്‍വീസ് പറഞ്ഞു. നഴ്‌സുമാരുടെ അഭാവം പ്രതിസന്ധി തീര്‍ക്കുന്നുണ്ടെന്ന് തിരിച്ചറിഞ്ഞ് കൂടുതല്‍ റിക്രൂട്ട്‌മെന്റുകള്‍ പ്രവിശ്യ നടത്തുന്നുണ്ടെന്ന് ആരോഗ്യ മന്ത്രാലയവും വിശദീകരിക്കുന്നു.