ഈ വര്‍ഷം ആദ്യ എട്ട് മാസത്തിനുള്ളില്‍ കാനഡയില്‍ ഏകദേശം 13,000 അന്താരാഷ്ട്ര വിദ്യാര്‍ത്ഥികള്‍ അഭയം തേടിയതായി ഇമിഗ്രേഷന്‍, റെഫ്യൂജീസ് ആന്‍ഡ് സിറ്റിസണ്‍ഷിപ്പ് കാനഡ റിപ്പോര്‍ട്ട്. ജനുവരി 1 നും ഓഗസ്റ്റ് 31 നും ഇടയില്‍ രാജ്യത്ത് ആകെ 119,835 റെഫ്യൂജി ക്ലെയ്മുകളുണ്ടായി. ഈ വര്‍ഷം വിദ്യാര്‍ത്ഥികളില്‍ നിന്ന് ഏറ്റവും കൂടുതല്‍ റെഫ്യൂജി ക്ലെയ്മുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത് ഓഗസ്റ്റിലാണ്. സ്റ്റുഡന്റ് വിസകളിലോ സ്റ്റഡി പെര്‍മിറ്റുകളിലോ ഉള്ള 1785 പേര്‍ റെഫ്യൂജി സ്റ്റാറ്റസിനായി അപേക്ഷിച്ചതായി കണക്കുകള്‍ വ്യക്തമാക്കുന്നു.
സ്റ്റുഡന്റ് വിസകളില്‍ രാജ്യത്ത് എത്തി അഭയാര്‍ത്ഥികളായി മാറുന്ന അന്താരാഷ്ട്ര വിദ്യാര്‍ഥികളുടെ എണ്ണം വന്‍ തോതില്‍ വര്‍ധിക്കുന്നതായി ഇമിഗ്രേഷന്‍ മിനിസ്റ്റര്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. സ്റ്റുഡന്റ് വിസയില്‍ എത്തി കാനഡയില്‍ റെഫ്യൂജി സ്റ്റാറ്റസ് നേടി തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ ഉള്‍പ്പെടെയുള്ളവ നടത്തുന്നത് സംബന്ധിച്ച് മന്ത്രി ആശങ്കയും പ്രകടിപ്പിച്ചിരുന്നു.
അക്രമത്തില്‍ നിന്നും പീഡനങ്ങളില്‍ നിന്നും രക്ഷപ്പെടുന്നവര്‍ക്ക് അഭയം നല്‍കാന്‍ കാനഡയ്ക്ക് ധാര്‍മ്മിക ബാധ്യതയുണ്ടെന്നും എന്നാല്‍ ഈ സംവിധാനം ദുരുപയോഗം ചെയ്യുന്നില്ലെന്ന് ഉറപ്പാക്കേണ്ടതുണ്ടെന്നും പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ പറഞ്ഞിരുന്നു.