കാമുകന് 300 സ്ത്രീകളുമായി ബന്ധം, 58 പേജുള്ള 'വഞ്ചനാചരിത്രം' തയ്യാറാക്കി പോസ്റ്റ് ചെയ്ത് യുവതി

By: 600007 On: Sep 24, 2024, 1:13 PM

താൻ അടക്കം 300 സ്ത്രീകളുമായി ബന്ധം സ്ഥാപിച്ച കാമുകൻറെ വിശ്വാസവഞ്ചനയുടെ ചരിത്രം വിവരിക്കുന്ന 58 പേജുള്ള പവർപോയിൻ്റ് ഫയൽ ഓൺലൈനിൽ പോസ്റ്റ് ചെയ്ത് പകരംവീട്ടി യുവതി. സംഗതി  സോഷ്യൽ മീഡിയയിൽ വൈറലായതോടെ യുവാവിന്റെ ജോലി നഷ്ടപ്പെട്ടു. സെപ്റ്റംബർ 19 -ന് ചൈനീസ് സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ വെയ്‌ബോയിൽ 300 ദശലക്ഷം വ്യൂസ് നേടിയ ഈ സംഭവം അതിവേഗം ട്രെൻഡിംഗ് പോസ്റ്റായി മാറുകയായിരുന്നു.

ചൈന മർച്ചൻ്റ്സ് ബാങ്കിൻ്റെ ഷെൻഷെൻ ആസ്ഥാനത്ത് മാനേജ്‌മെൻ്റ് ട്രെയിനിയായ ഷി എന്ന യുവാവിനെതിരെയാണ് ഇത്തരത്തിൽ ഒരു ആരോപണം ഉയർന്നിരിക്കുന്നത്. ഇയാൾ ഒരു വർഷത്തിനിടെ ലൈംഗികത്തൊഴിലാളികൾ ഉൾപ്പടെ മുന്നൂറോളം സ്ത്രീകളുമായി ലൈംഗികബന്ധത്തിൽ ഏർപ്പെട്ടതായാണ് ഓൺലൈനിൽ പങ്കിട്ട പവർപോയിൻ്റ് ഫയലിൽ പറയുന്നത്.

കഴിഞ്ഞ വർഷം ഒക്ടോബറിൽ ഷിയുമായി ഡേറ്റിംഗ് ആരംഭിച്ച പേരു വെളിപ്പെടുത്താത്ത യുവതിയാണ് ഫയൽ ഓൺലൈനിൽ പോസ്റ്റ് ചെയ്തത്. തുടക്കത്തിൽ തനിക്ക് വളരെ മാന്യനായ ഒരു വ്യക്തിയായാണ് ഷിയെ അനുഭവപ്പെട്ടതെന്നും എന്നാൽ പിന്നീട് താനുമായി ബന്ധത്തിൽ ആയിരിക്കുമ്പോൾ തന്നെ മറ്റ് നിരവധി സ്ത്രീകളുമായി ചാറ്റ് ആപ്പുകൾ വഴി പങ്കുവെച്ച ലൈംഗികത പ്രകടമാക്കുന്ന സന്ദേശങ്ങൾ കണ്ടെത്തിയതോടെയാണ് ഇയാളുടെ യഥാർത്ഥ സ്വഭാവം മനസ്സിലായതെന്നും യുവതി പോസ്റ്റിൽ പറയുന്നുണ്ട്. 

ഷിയെ താൻ ചോദ്യം ചെയ്തെന്നും ഇനിയൊരിക്കലും തെറ്റുകൾ ആവർത്തിക്കില്ല എന്ന് ഇയാൾ ആവർത്തിച്ചു പറഞ്ഞെന്നുമാണ് യുവതി പറയുന്നത്. എന്നാൽ, വീണ്ടും ഇയാൾ മറ്റു സ്ത്രീകളെ ചതിക്കുന്നത് തുടർന്നതോടെയാണ് താൻ ഇത്തരത്തിൽ ഒരു തീരുമാനമെടുത്തതെന്നും യുവതി പറഞ്ഞതായാണ് സൗത്ത് ചൈന മോണിംഗ് പോസ്റ്റ് റിപ്പോർട്ട് ചെയ്യുന്നത്