കാനഡയിലെ നാല് നഗരങ്ങളില്‍ അഫോര്‍ഡബിളിറ്റി പ്രധാന ആശങ്ക: സര്‍വേ 

By: 600002 On: Sep 24, 2024, 12:31 PM

 

 


കനേഡിയന്‍ പൗരന്മാരോട് അവരുടെ ദൈനംദിന ജീവിതത്തില്‍ അഭിമുഖീകരിക്കുന്ന വിവിധ പ്രശ്‌നങ്ങളെക്കുറിച്ച് ചോദിച്ചറിയാനുള്ള സര്‍വേയില്‍ അഫോര്‍ഡബിളിറ്റിയാണ് പ്രധാന ആശങ്കയെന്ന് നാല് നഗരങ്ങളിലുള്ളവര്‍ പ്രതികരിച്ചു. മാരു പബ്ലിക് ഒപ്പിനിയന്‍ നടത്തിയ സര്‍വേയില്‍ ടൊറന്റോ, വാന്‍കുവര്‍, എഡ്മന്റണ്‍, കാല്‍ഗറി എന്നീ നഗരങ്ങളിലെ ജനങ്ങള്‍ തങ്ങള്‍ നേരിടുന്ന പ്രതിസന്ധികളെക്കുറിച്ച് വെളിപ്പെടുത്തി. ടൊറന്റോയിലുള്ള 50 ശതമാനം പേര്‍ അഫോര്‍ഡബിളിറ്റിയും ജീവിതച്ചെലവും സംബന്ധിച്ച് തങ്ങള്‍ ആശങ്കാകുലരാണെന്ന് പ്രതികരിച്ചു. 

വാന്‍കുവറില്‍ 58 ശതമാനം ആളുകള്‍ക്കും അഫോര്‍ഡബിളിറ്റിയാണ് പ്രധാന പ്രശ്‌നമായി ചൂണ്ടിക്കാട്ടിയത്. എഡ്മന്റണില്‍ 55 ശതമാനം ആളുകളും കാല്‍ഗറിയില്‍ 47 ശതമാനം ആളുകളും അഫോര്‍ഡബിളിറ്റി പ്രശ്‌നമായി ചൂണ്ടിക്കാട്ടുന്നു. 

ടൊറന്റോയിലെയും വാന്‍കുവറിലെയും 90 ശതമാനം ആളുകള്‍ തങ്ങളുടെ നഗരങ്ങള്‍ ജോലി ചെയ്യാനും ജീവിക്കാനും വളരെ ചെലവേറിയതാണെന്ന് പ്രതികരിച്ചു. കാല്‍ഗറിയില്‍ 83 ശതമാനവും എഡ്മന്റണില്‍ 71 ശതമാനം ആളുകളും ചെലവേറിയ നഗരമാണെന്ന് അഭിപ്രായപ്പെട്ടു. നാല് നഗരങ്ങളിലെയും ആളുകള്‍ക്ക് ഗ്രോസറി വിലക്കയറ്റമാണ് പ്രധാന ആശങ്ക. മോര്‍ഗേജ്, വാടക, യൂട്ടിലിറ്റി എന്നിവയാണ് ആശങ്കപ്പെടാനുള്ള മറ്റ് കാരണങ്ങള്‍. വിലക്കയറ്റം മൂലം ജീവിതത്തിന്റെ രണ്ടറ്റം കൂട്ടിമുട്ടിക്കാന്‍ പാടുപെടുകയാണ് തങ്ങളെന്ന് നാല് നഗരങ്ങളിലെയും ജനങ്ങള്‍ ഒരുപോലെ പറയുന്നു.