ജീവിതത്തിന്റെ രണ്ടറ്റം കൂട്ടിമുട്ടിക്കാന്‍ പാടുപെടുകയാണ് കാല്‍ഗറി, എഡ്മന്റണ്‍ എന്നിവയുള്‍പ്പെടെയുള്ള നഗരങ്ങളിലെ ജനങ്ങളെന്ന് സര്‍വേ റിപ്പോര്‍ട്ട്. ജനങ്ങള്‍ നേരിടുന്ന വലിയൊരു പ്രശ്‌നം വിലക്കയറ്റമാണ്. എഡ്മന്റണിലെ 77 ശതമാനവും കാല്‍ഗറിയിലെ 80 ശതമാനം ആളുകളും വിലക്കയറ്റത്തില്‍ പൊറുതിമുട്ടുകയാണ്. വൈദ്യുതി ബില്ലുകളുള്‍പ്പെടെയുള്ളവ അടയ്ക്കാന്‍ പ്രയാസപ്പെടുകയാണെന്ന് സര്‍വേ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാണിക്കുന്നു. ആഗസ്റ്റ് അവസാനത്തിലും, സെപ്റ്റംബര്‍ ആദ്യ വാരവും നടത്തിയ സര്‍വേയില്‍ ഗ്രോസറി, വീട്, യൂട്ടിലിറ്റി എന്നിവയിലാണ് ആളുകള്‍ കൂടുതലായി ആശങ്കപ്പെടുന്നത്.
എഡ്മന്റണ്‍ ആണ് അഫോര്‍ഡബിളിറ്റിയില്‍ രാജ്യത്തെ മറ്റ് നഗരങ്ങളേക്കാള്‍ സ്‌കോര്‍ ചെയ്ത് മുന്നില്‍ നില്‍ക്കുന്നതെങ്കിലും 46 ശതമാനം അഫോര്‍ഡബിളല്ലെന്ന് അഭിപ്രായപ്പടുന്നു. കാല്‍ഗറി അഫോര്‍ഡബിള്‍ സിറ്റിയാണെന്ന് 30 ശതമാനം പേര്‍ മാത്രമാണ് അഭിപ്രായപ്പെട്ടത്. എഡ്മന്റണിലും കാല്‍ഗറിയിലും ഗ്രോസറി വിലക്കയറ്റം ആശങ്കയുണ്ടാക്കിയിട്ടുണ്ട്. 70 ശതമാനം പേരും ഭക്ഷ്യോല്‍പ്പന്നങ്ങള്‍ വാങ്ങുന്നതില്‍ പ്രയാസമുണ്ടെന്ന് പ്രതികരിച്ചു. ജീവിതച്ചെലവ് വര്‍ധിക്കുന്നതോടെ പ്രതിസന്ധിയിലായ ജനങ്ങള്‍ എന്ത് ചെയ്യണമെന്നറിയാതെ നട്ടം തിരിയുകയാണ്.
കാല്‍ഗറിയിലും എഡ്മന്റണിലും 85 ശതമാനം പേരും പ്രശ്‌നത്തില്‍ ഫെഡറല്‍ സര്‍ക്കാരിന് നേരെയാണ് വിരല്‍ ചൂണ്ടുന്നത്. വിലക്കയറ്റം പരിഹരിക്കാന്‍ സര്‍ക്കാര്‍ വേണ്ട നടപടികള്‍ സ്വീകരിക്കില്ലെന്നാണ് മിക്കവരുടെയും ആരോപണം. അതേസമയം, 70 ശതമാനത്തിലധികം പേര്‍ കുറ്റപ്പെടുത്തിയത് പ്രവിശ്യാ സര്‍ക്കാരിനെയും സിറ്റി കൗണ്‍സിലുകളെയുമാണ്. വിലക്കയറ്റത്തില്‍ ഇവര്‍ സ്വാധീനം ചെലുത്തുന്നതായി ജനങ്ങള്‍ ആരോപിക്കുന്നു.