കിച്ചനറില്‍ വെല്ലസ്ലി ടൗണ്‍ഷിപ്പിലുണ്ടായ വാഹനാപകടത്തില്‍ മലയാളി യുവാവ് മരിച്ചു. കിച്ചനറില്‍ താമസിക്കുന്ന ജോയല്‍ വര്‍ഗീസാണ് മരിച്ചതെന്ന് തിരിച്ചറിഞ്ഞു. തിങ്കളാഴ്ച രാവിലെ ഉണ്ടായ വാഹനാപകടത്തില്‍ മൂന്ന് പേരാണ് മരിച്ചത്. ഹാസെന്‍ സ്ട്രാസെ, ഗ്രീന്‍വുഡ് ഹില്‍ റോഡ് ഇന്റര്‍സെക്ഷനിലാണ് അപകടം നടന്നത്. ടെസ്ല കാറും ഡോഡ്ജ് റാമും കൂട്ടിയിടിച്ചാണ് അപകടമുണ്ടായതെന്ന് വാട്ടര്‍ലൂ റീജിയന്‍ പോലീസ് വ്യക്തമാക്കി. അപകടത്തില്‍ മൂന്ന് പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്.
ടെസ്ലയുടെ ഡ്രൈവര്‍ 25 വയസ്സുള്ള കേംബ്രിഡ്ജ് സ്വദേശിയും യാത്രക്കാരായ കിച്ചനര്‍ സ്വദേശിനിയായ യുവതിയുമാണ് മരിച്ച രണ്ട് പേര്‍. യുവതിയെ ഗുരുതര പരുക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരണമടഞ്ഞു. ടെസ്ലയിലുണ്ടായിരുന്ന മറ്റൊരു യാത്രക്കാരനെയും ഡോഡ്ജ് റാമിലുണ്ടായിരുന്ന പെര്‍ത്ത്കൗണ്ടി സ്വദേശികളായ 28 വയസ്സുള്ള ഡ്രൈവറെയും യാത്രക്കാരിയെയും പരുക്കുകളോടെ പ്രാദേശിക ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായി പോലീസ് അറിയിച്ചു.
റൈഡ് ഷെയറില്‍ ജോലി സ്ഥലത്തേക്ക് പോകുമ്പോഴായിരുന്നു അപകടമുണ്ടായത്. പോലീസ് അന്വേഷണം തുടരുകയാണ്. അപകടത്തിന് ദൃക്‌സാക്ഷികളായവരോ ഡാഷ്‌ക്യാം ദൃശ്യങ്ങളുള്ളവരോ ട്രാഫിക് സര്‍വീസസ് യൂണിറ്റിനെ 519-570-9777 എന്ന നമ്പറില്‍ ബന്ധപ്പെടണമെന്ന് വാട്ടര്‍ലൂ പോലീസ് അഭ്യര്‍ത്ഥിച്ചു.