ഇതാ വീണ്ടും സ്റ്റൈലിഷ് മമ്മൂട്ടി; സോഷ്യല്‍ മീഡിയയില്‍ തരംഗമായി ചിത്രം

By: 600007 On: Sep 24, 2024, 6:03 AM

ഫാഷന്‍ സെന്‍സില്‍ മമ്മൂട്ടിയെ മറികടക്കാന്‍ മലയാള സിനിമയിലെ ചെറുപ്പക്കാര്‍ക്കുപോലും കഴിയാറില്ലെന്ന് പറയാറുണ്ട്. ഫിറ്റ്നസില്‍ എക്കാലവും ഏറെ പ്രാധാന്യം കൊടുത്തിട്ടുള്ള മമ്മൂട്ടി ഈ 73-ാം വയസിലും ശരീര സംരക്ഷണത്തില്‍ ഗൗരവം കൊടുക്കുന്നുണ്ട്. സിനിമയിലെ ഏത് തരം റോളിലും തന്നിലെ അഭിനേതാവിനെ പൂര്‍ണ്ണമായും വിട്ടുനല്‍കാന്‍ അദ്ദേഹത്തിനെ പ്രാപ്തനാക്കുന്ന ഒരു ഘടകവും ഇത് തന്നെ. സ്ക്രീനിന് വെളിയില്‍ അദ്ദേഹം ധരിക്കുന്ന വസ്ത്രങ്ങള്‍ പലപ്പോഴും സോഷ്യല്‍ മീഡിയയില്‍ വലിയ ട്രെന്‍ഡ് സൃഷ്ടിക്കാറുണ്ട്. ഇപ്പോഴിതാ അത്തരത്തില്‍ മമ്മൂട്ടിയുടെ പുതിയൊരു ചിത്രവും സോഷ്യല്‍ മീഡിയയില്‍ തരംഗം തീര്‍ക്കുകയാണ്.

പ്രിന്‍റുകള്‍ ഉള്ള പ്ലസ് സൈസ് ഹാഫ് സ്ലീവ് ഷര്‍ട്ടും അതേ നിറത്തിലുള്ള പാന്‍റ്സും മാച്ച് ചെയ്യുന്ന ഷൂസും തൊപ്പിയുമൊക്കെയാണ് വൈറല്‍ ചിത്രത്തില്‍ മമ്മൂട്ടി ധരിച്ചിരിക്കുന്നത്. ഒപ്പം സണ്‍ ഗ്ലാസും ധരിച്ചിട്ടുണ്ട്. ഫേസ്ബുക്ക്, ഇന്‍സ്റ്റഗ്രാം, എക്സ് എന്നീ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളിലൊക്കെ മമ്മൂട്ടി തന്നെയാണ് ഈ ചിത്രം പങ്കുവച്ചത്. ഫേസ്ബുക്കില്‍ 68,000, എക്സില്‍ 6800, ഇന്‍സ്റ്റയില്‍ 6.14 ലക്ഷം എന്നിങ്ങനെയാണ് ചിത്രത്തിന് ലഭിച്ച ലൈക്കുകള്‍. ഏജ് ഇന്‍ റിവേഴ്സ് ഗിയര്‍ കമന്‍റുകളാണ് ആരാധകരില്‍ അധികവും നല്‍കിയിരിക്കുന്നത്.