കാനഡയില്‍ നിന്നുള്ള നാച്വറല്‍ ഗ്യാസ് ഇറക്കുമതി കുറയ്ക്കുമെന്ന് ജര്‍മ്മനി

By: 600002 On: Sep 23, 2024, 2:40 PM

 

 

യൂറോപ്പിലേക്കുള്ള പ്രകൃതിവാതക കയറ്റുമതി വര്‍ധിപ്പിക്കാന്‍ കാനഡ ആഹ്വാനം ചെയ്യുമ്പോള്‍ ജര്‍മ്മനി ഇതിനെതിരെ രംഗത്ത് വന്നിരിക്കുകയാണ്. റിന്യൂവബിള്‍ എനര്‍ജിയില്‍ ജര്‍മ്മനി മുന്നോട്ട് പോകും. വാതക ആവശ്യം കുറയും. അതിനാല്‍ നാച്വറല്‍ ഗ്യാസിന്റെ ഡിമാന്‍ഡ് കുറയുകയും ചെയ്യുമെന്ന് വെള്ളിയാഴ്ച ഓട്ടവയിലെ ജര്‍മ്മന്‍ എംബസിയില്‍ നടന്ന വാര്‍ത്താസമ്മേളനത്തില്‍ സ്‌റ്റേറ്റ് സെക്രട്ടറി ജെന്നിഫര്‍ മോര്‍ഗന്‍ പറഞ്ഞു. ജര്‍മ്മനിക്കും യൂറോപ്പിനും ഭാവിയില്‍ കാനഡ പോലുള്ള രാജ്യങ്ങളില്‍ നിന്നും കുറഞ്ഞ പ്രകൃതിവാതകം മാത്രമാണ് ആവശ്യമായി വരികയെന്നും മോര്‍ഗന്‍ ചൂണ്ടിക്കാട്ടി. യുഎസില്‍ ജനിച്ച ഗ്രീന്‍പീസ് ഇന്റര്‍നാഷണലിന്റെ മുന്‍ മേധാവിയായ മോര്‍ഗന്‍, അന്താരാഷ്ട്ര കാലാവസ്ഥ നയത്തിനായുള്ള ജര്‍മ്മനിയുടെ ആദ്യത്തെ പ്രത്യേക പ്രതിനിധിയാണ്. 

കാനഡയെപ്പോലെ ജര്‍മ്മനിക്കും ഉദ്‌വമനം കുറയ്ക്കുന്നതിന് നിര്‍ബന്ധിത നിയമമുണ്ടെന്ന് മോര്‍ഗന്‍ പറയുന്നു. 2045 ഓടെ നെറ്റ് സീറോ കൈവരിക്കാന്‍ രാജ്യം ലക്ഷ്യമിടുന്നു. അതിനാല്‍ ജര്‍മ്മനിയുടെ സമ്പദ് വ്യവസ്ഥയില്‍ പ്രകൃതി വാചകം വഹിക്കുന്ന പങ്ക് കുറയുമെന്ന് മോര്‍ഗന്‍ അഭിപ്രായപ്പെടുന്നു. ഇത് പരിവര്‍ത്തനത്തിന്റെ ഭാഗമാണെന്ന് അവര്‍ കൂട്ടിച്ചേര്‍ത്തു. 2030 ഓടെ ജര്‍മ്മനി ഗ്യാസ് ഇറക്കുമതി 30 ശതമാനവും 2050 ഓടെ 96 ശതമാനവും കുറയ്ക്കുമെന്ന് പ്രതീക്ഷിക്കുന്നതായുള്ള പഠനങ്ങളും പ്രവചനങ്ങളും അവര്‍ ഉദ്ധരിച്ചു. യൂറോപ്പും ഈ ദശാബ്ദത്തിന്റെ അവസാനത്തോടെ പ്രകൃതിവാതക ഇറക്കുമതിയില്‍ 25 ശതമാനം കുറവ് വരുത്തുമെന്ന് പ്രതീക്ഷിക്കുന്നതായി അവര്‍ പറഞ്ഞു.